പത്താന്‍ (ഗുജറാത്ത്): വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായിരുന്നില്ലായിരുന്നെങ്കില്‍ അതൊരു കൂട്ടക്കൊലയുടെ രാത്രിയായി മാറിയേനെയെന്ന് മോദി. ഗുജറാത്തിലെ അവസാന ദിന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘രണ്ടാമത്തെ ദിവസം അമേരിക്കയിലെ മുതര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു, ഇന്ത്യ കാര്യമായി എന്തെങ്കിലും ചെയ്യുമെന്ന്. മോദി 12 മിസൈലുകളുമായി തയ്യാറായിരിക്കുകയാണെന്ന്. വളരെ ഗൗരവമേറിയ ഒരു സാഹചര്യമായി മാറിയേനെ. പാക്കിസ്ഥാന്‍ നമ്മുടെ വൈമാനികനെ തിരിച്ചു നല്‍കും എന്ന് പ്രഖ്യാപിച്ചത് നന്നായി. അല്ലെങ്കില്‍ അതൊരു കൂട്ടക്കൊലയുടെ രാത്രിയായേനെ,’ മോദി പറഞ്ഞു.

Read More: ഇന്ത്യയുടെ ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ല: പാക്കിസ്ഥാനോട് മോദി

‘നമ്മുടെ പൈലറ്റിനെ പിടികൂടിയപ്പോള്‍ തങ്ങള്‍ക്കെന്തോ വലിയ കാര്യം കിട്ടിയെന്ന് പാക്കിസ്ഥാന്‍ വിചാരിച്ചു. പൈലറ്റിന്റെ ജീവനെ കുറിച്ച് പ്രതിപക്ഷം സംസാരിക്കാന്‍ തുടങ്ങി. തലേദിവസം നടന്ന വലിയ ആക്രമണത്തെ കുറിച്ച് അവര്‍ മറന്നു പോയി. പലരും മെഴുകുതിരി കത്തിക്കാന്‍ തയ്യാറെടുത്തിരുന്നു. ഞങ്ങള്‍ ഒരു വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തു, നമ്മുടെ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍ മോദി നിങ്ങളോട് (പാക്കിസ്ഥാനോട്) എന്തു ചെയ്‌തെന്നു ലോകത്തോടു നിങ്ങള്‍ക്കു നിരന്തരം പറഞ്ഞു കൊണ്ടിരിക്കേണ്ടിവരുമെന്നു മുന്നറിയിപ്പു നല്‍കി,’ മോദി പറഞ്ഞു.

ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ ഭീകരാക്രമണം നടന്നത്. പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദ് സംഘടനയായിരുന്നു ആക്രമണത്തിനു പിന്നില്‍. ഇതിന് പിന്നാലെ ഫെബ്രുവരി 26ന് ഇന്ത്യ ബാലാകോട്ടിൽ വ്യോമാക്രമണം നടത്തി. ഫെബ്രുവരി 27നു വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ പിടികൂടി. എന്നാല്‍ മാര്‍ച്ച് ഒന്നിന് രാത്രി അദ്ദേഹത്തെ മോചിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook