ജയ്‌പൂർ: നീണ്ട 36 വർഷത്തെ പാക്കിസ്ഥാൻ ജയിൽ വാസത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് അവിശ്വസനീയമായൊരു തിരിച്ചുവരവിനു കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജയ്‌പൂർ സ്വദേശി ഗജാനന്ദ ശർമ്മ. 70 കാരനായ ഗജാനന്ദ് മറ്റ് 28 തടവുകാരോടൊപ്പമാണ് ജയിൽ മോചിതനായത്. പാക്കിസ്ഥാൻ സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നല്ല നടപ്പുകാരെ വിട്ടയക്കുന്ന നടപടിയാണ് ഗജാനന്ദിന് തുണയായത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന ഗജാനന്ദിനെ കുറിച്ച് കുടുംബാംഗങ്ങൾക്ക് യാതൊരു വിവരവും ഇല്ലായിരുന്നു. 1982 ലാണ് വീട്ടിൽ നിന്നും അദ്ദേഹത്തെ കാണാതാകുന്നത്, പിന്നീട് മറ്റ് വിവരങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു. എന്തായാലും കാത്തിരിപ്പിനൊടുവിൽ അദ്ദേഹത്തിന്റെ മടങ്ങിവരവിൽ സന്തോഷിക്കുകയാണ് കുടുംബാംഗങ്ങൾ.

ഗജാനന്ദിനെ സ്വീകരിക്കാൻ ജയ്‌പൂരിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരായ വിപ്ര ഫൗണ്ടേഷൻ അതിർത്തിയിൽ എത്തിയിരുന്നു. പൂക്കളും മധുരവും നൽകി ജയ്‌പൂരിൽ നിന്നുള്ള വിപ്ര പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു. രണ്ടര മണിക്കൂർ നീണ്ട നടപടി ക്രമങ്ങൾക്കൊടുവിലാണ് അദ്ദേഹം അട്ടാരി – വാഗാ അതിർത്തി വഴി ഇന്ത്യയിൽ എത്തിയത്.

ജയ്‌പൂരിൽ അദ്ദേഹത്തിന്റെ വീട്ടിൽ കാത്തിരിപ്പിന്റെ കൊടുമുടിയിലായിരുന്നു കുടുംബാംഗങ്ങൾ. ഭർത്താവ് വരുന്നുണ്ടെന്നറിഞ്ഞത് മുതൽ തന്റെ മണിക്കൂറുകളുടെ ദൈർഘ്യം കൂടിയെന്ന് ഗജാനന്ദിന്റെ ഭാര്യ മഖ്‌നി ദേവി പറഞ്ഞു. മടങ്ങിവരവിൽ അതിയായ സന്തോഷമുണ്ടെന്നും, ഈ നിമിഷത്തിനായി പരിശ്രമിച്ച എല്ലാരോടും നന്ദിയും കടപ്പാടുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കുട്ടിക്കാലത്ത് നഷ്ടപെട്ട തന്റെ പിതാവിനെ മടക്കികിട്ടിയ സന്തോഷത്തിലായിരുന്നു മകൻ മുകേഷ്. മുകേഷിന്റെ 12-ാം വയസിലാണ് ഗജാനന്ദിനെ കാണാതാകുന്നത്. “അദ്ദേഹം മരണപെട്ടു എന്നുതന്നെയാണ് ഞങ്ങൾ കരുതിയത്. എന്നാൽ കഴിഞ്ഞ മെയ് 7-ാം തീയതിയാണ് അദ്ദേഹം പാക്കിസ്ഥാനിൽ ഒരു ജയിലിലുണ്ടെന്നറിയാൻ സാധിച്ചത്. അപ്പോൾ തന്നെ ഔദ്യോഗികമായി ജയിൽ മോചിതനാക്കാൻ ആവശ്യമായ കാര്യങ്ങളും ചെയ്തു. ഇപ്പോൾ അദ്ദേഹം മടങ്ങിയെത്തിയതിൽ ഒരുപാട് സന്തോഷമുണ്ട് ” മുകേഷ് പറഞ്ഞു.

കഴിഞ്ഞ മെയ് മാസമാണ് അദ്ദേഹത്തെ ജയിൽ മോചിതനാക്കാനുള്ള നടപടി ക്രമങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം തുടക്കം കുറിച്ചത്. ഗജാനന്ദിന്റെ പൗരത്വ രേഖകൾ പാക്കിസ്ഥാന് ഇന്ത്യ കൈമാറിയതോടെയാണ് അദ്ദേഹത്തിന്റെ മടക്കയാത്രയ്ക്ക് വഴിയൊരുങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook