ന്യൂഡല്‍ഹി: ട്രായ് ചെയര്‍മാന്‍ ആർ.എസ്.ശര്‍മ്മയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിടാതെ പിടിച്ച് ഹാക്കര്‍മാര്‍. ധൈര്യമുണ്ടെങ്കില്‍ ആധാര്‍ നമ്പര്‍ പരസ്യമാക്കാനാണ് മോദിയോട് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആധാര്‍ സുരക്ഷിതമാണെന്ന കേന്ദ്രത്തിന്റെ പ്രചരണങ്ങളെ പൊളിക്കുകയാണ് എത്തിക്കല്‍ ഹാക്കര്‍മാരുടെ ലക്ഷ്യം.

‘നരേന്ദ്ര മോദി നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യമാക്കാന്‍ കഴിയുമോ? നിങ്ങള്‍ക്ക് അങ്ങനെയൊന്ന് ഉണ്ടെങ്കില്‍’ എന്നായിരുന്നു ഹാക്കറുടെ വെല്ലുവിളി. എലിയട്ട് ആല്‍ഡേഴ്‌സണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് മോദിയ്ക്ക് വെല്ലുവിളി വന്നിരിക്കുന്നത്. നേരത്തെ ഇതേ ഹാക്കര്‍ തന്നെയാണ് ആർ.എസ്.ശര്‍മ്മയുടെ ആധാര്‍ നമ്പർ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഇ-മെയില്‍, ബാങ്ക് അക്കൗണ്ട്, ബ്രൗസിങ് ഹിസ്റ്ററി അടക്കമുള്ള വിവരങ്ങള്‍ ഹാക്ക് ചെയ്ത് പരസ്യമാക്കിയത്.

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാല്‍ എന്തുചെയ്യുമെന്ന് വെല്ലുവിളിച്ച ട്രായ് ചെയര്‍മാന്‍ ആര്‍.എസ്.ശര്‍മ്മ ട്വീറ്റ് ചെയ്യുകയായിരുന്നു. തന്റെ ആധാര്‍ നമ്പറും ശര്‍മ്മ ട്വീറ്റ് ചെയ്തിരുന്നു. എലിയട്ട് ആല്‍ഡേഴ്‌സണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും തന്നെയായിരുന്നു ശര്‍മ്മയുടെ വിവരങ്ങളും പരസ്യമാക്കിയത്. ഇയാള്‍ തന്നെയാണ് മോദിയോടുള്ള വെല്ലുവിളിയും നടത്തിയത്.

‘എന്റെ ആധാര്‍ നമ്പര്‍ ഇതാ. ഇത് ഹാക്ക് ചെയ്ത് നിങ്ങള്‍ കാണിക്കൂ… ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു.’ എന്നായിരുന്നു ആര്‍.എസ്.ശര്‍മ്മ പറഞ്ഞത്. ഇന്നലെയാണ് ആര്‍.എസ്.ശര്‍മ്മ തന്റെ ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പങ്കുവച്ചത്.

എന്നാല്‍ ശര്‍മ്മയുടെ ബാങ്ക് വിവരങ്ങളും, പാന്‍ കാര്‍ഡ് നമ്പറും, ഫോണ്‍ നമ്പറുമടക്കം ഹാക്ക് ചെയ്താണ് ഹാക്കര്‍മാര്‍ ഇതിന് മറുപടി നല്‍കിയത്. തങ്ങള്‍ ആധാറിനെതിരല്ലെന്നും എന്നാല്‍ ആധാര്‍ ഹാക്ക് ചെയ്യാന്‍ സാധിക്കില്ല എന്ന വാദത്തിനുള്ള മറുപടിയാണിതെന്നും ഹാക്കര്‍മാര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയ്ക്ക് വെല്ലുവിളിയുമായി ഹാക്കര്‍മാര്‍ രംഗത്തെത്തിയത്.

ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശര്‍മ്മ ആധാറിന്റെ സുതാര്യതയേയും സുരക്ഷയേയും കുറിച്ച് പ്രതികരിച്ചത്. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാല്‍ ഒന്നും സംഭവിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പിന്നീടായിരുന്നു ട്വിറ്ററില്‍ അദ്ദേഹം ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook