വാഷിങ്ടൺ: അമേരിക്കയിലെ ഇന്ത്യക്കാരെ മുഴുവൻ വലച്ചുകൊണ്ട് എച്ച് 1 ബി വീസ കാലാവധി നീട്ടാതിരിക്കാൻ ട്രംപ് സർക്കാരിന്റെ നീക്കം. അമേരിക്കയിലുള്ള വിദേശികൾക്ക് ഇനി എച്ച് 1 ബി വീസ നൽകേണ്ടെന്ന് നേരത്തേ തന്നെ ട്രംപ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. ഇതോടെ അമേരിക്കയിലുള്ള ഇന്ത്യൻ ഐടി പ്രൊഫഷണൽസിന് ഒന്നടങ്കം തിരിച്ചടിയാകും.

അമേരിക്കക്കാരായ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ട്രംപിന്റെ നടപടി. പുതിയ എച്ച് 1 ബി വീസ അനുവദിക്കേണ്ടെന്നും, അമേരിക്ക വിട്ട് സ്വന്തം രാജ്യത്തേക്ക് പോയ എച്ച് 1 ബി വീസ കൈവശമുള്ളവർക്ക് തിരികെ രാജ്യത്തേക്ക് പ്രവേശനം നൽകേണ്ടെന്നും അടക്കം വിവാദമായ തീരുമാനങ്ങളാണ് ഇക്കാര്യത്തിൽ ട്രംപ് സർക്കാർ നേരത്തെ കൈക്കൊണ്ടത്.

അമേരിക്കയിലെ ആഭ്യന്തര സുരക്ഷ വിഭാഗമാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. അമേരിക്കയിൽ സ്ഥിരതാമസത്തിനായി എച്ച് 1 ബീ വിസ ഉടമസ്ഥർ നൽകിയിരിക്കുന്ന ഗ്രീൻ കാർഡ് അപേക്ഷകളിന്മേൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

എച്ച് 1 ബി വീസ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് സർക്കാർ ഈ നീക്കം നടത്തുന്നതെന്നാണ് ആഭ്യന്തര സുരക്ഷ വിഭാഗത്തിന്റെ വിശദീകരണം. അമേരിക്കയിലേക്ക് വരുന്ന തൊഴിലാളികളുടെ വേതനം അടക്കമുള്ള കാര്യങ്ങളിൽ പുതിയ നിബന്ധനകളും മൾട്ടിനാഷണൽ കമ്പനികൾക്ക് മുന്നിൽ അമേരിക്ക വയ്ക്കും. ഇതിനുള്ള നിബന്ധനകളും സർക്കാരിന്റെ പരിഗണനയിലാണ്.

“അമേരിക്കയിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ ഐടി ജീവനക്കാരെ നാട്ടിലേക്ക് തിരികെ വിട്ട് അമേരിക്കക്കാർക്ക് തൊഴിൽ നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്” എന്ന് മക്‌ക്ലാറ്റ്ചി ഡിസി ബ്യൂറോയ്ക്ക് നൽകിയ വിശദീകരണത്തിൽ ആഭ്യന്തര സുരക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ