ചെന്നൈ: പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തതില്‍ മാപ്പ് ചോദിച്ച് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ. രാജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെയായിരുന്നു പെരിയാറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത്. എന്നാല്‍ താനല്ല ആ പോസ്റ്റിട്ടെതെന്നും സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്നും രാജ പറയുന്നു.
തന്റെ സമ്മതമില്ലാതെയാണ് പേജ് കൈകാര്യം ചെയ്യുന്ന അഡ്മിന്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റിട്ടതെന്ന് രാജ പറയുന്നു. അതുകൊണ്ടാണ് താന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും രാജ പറഞ്ഞു. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും രാജ അഭിപ്രായപ്പെട്ടു.
‘ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ ഭാഷയില്‍ ഖേദം രേഖപ്പെടുത്തുന്നു. ഇവിആറിന്റെ പ്രതിമ തകര്‍ക്കുന്നതു പോലുള്ള സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല.’ രാജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രാജയുടെ പ്രകോപനപരമായ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഇ.വി.രാമസ്വാമിയുടെ (പെരിയാര്‍) പ്രതിമ തകര്‍ത്തത്. തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ പ്രതിമയാണ് തകര്‍ത്തത്.
ശക്തമായ പ്രതിഷേധമാണ് സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ നിന്നുമുയരുന്നത്. കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബേറുണ്ടായി. ആക്രമണത്തിന് പിന്നിലാരാണെന്ന് വ്യക്തമല്ല. അതേസമയം, പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന പ്രസ്താവനയ്‌ക്കെതിരെ തമിഴ് നടന്‍ സത്യരാജ് രംഗത്തെത്തി.
പെരിയാര്‍ കേവലമൊരു പ്രതിമയോ മനുഷ്യനോ അല്ലായെന്നും അതൊരു ആശയമാണെന്നുമായിരുന്നു സത്യരാജിന്റെ പ്രതികരണം. രാജയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും സത്യരാജ് പറഞ്ഞിരുന്നു. നേരത്തെ എച്ച്.രാജയുടെ പ്രസ്താവനയ്‌ക്കെതിരെ ഡിഎംകെ നേതാവ് സ്റ്റാലിനടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു.