ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് കേസ് വാരണാസി ജില്ലാ കോടതിയിലേക്കു സുപ്രീം കോടതി മാറ്റി. വാരണാസി സീനിയര്‍ സിവില്‍ ജഡ്ജിയാണു കേസ് പരിഗണിക്കുന്ന കേസ്, കൂടുതല്‍ പരിചയ സമ്പന്നമായ ജഡ്ജി കേള്‍ക്കണമെന്നു പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
”കൂടുതല്‍ പരിചയ സമ്പന്നമായ ജഡ്ജി ഈ കേസ് കേള്‍ക്കണം. വിചാരണ ജഡ്ജിയുടെ കാര്യത്തില്‍ ഞങ്ങള്‍ ആക്ഷേപം ഉന്നയിക്കുന്നില്ല.എന്നാല്‍ കൂടുതല്‍ പരിചയസമ്പന്നരായ കൈകള്‍ ഈ കേസ് കൈകാര്യം ചെയ്യണം. ഇത് എല്ലാ കക്ഷികള്‍ക്കും ഗുണം ചെയ്യും,” ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
രാജ്യത്ത് ഐക്യബോധം കാത്തുസൂക്ഷിക്കുന്നതിനുള്ള സംയുക്ത ദൗത്യത്തിലാണ് തങ്ങളെന്നു വ്യക്തമാക്കിയ കോടതി, കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തരുതെന്നും ജഡ്ജി മാത്രമേ റിപ്പോര്‍ട്ട് തുറക്കൂവെന്നും പറഞ്ഞു.
അതിനിടെ, കാശി വിശ്വനാഥ ക്ഷേത്രം-ജ്ഞാനവാപി മസ്ജിദ് കേസില്‍ വാദം കേള്‍ക്കുന്നത് അലഹബാദ് ഹൈക്കോടതി ജൂലൈ ആറിലേക്ക് മാറ്റി. വിഷയത്തില്‍ ആറ് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസ് മേയ് 23നു വാരണാസി കോടതി വീണ്ടും പരിഗണിക്കും.
Also Read: ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്നത്, കൊലക്കുറ്റം ചുമത്തണം: കമ്മിഷന്‍
ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സര്‍വേയുടെ രണ്ട് റിപ്പോര്‍ട്ടുകള്‍ വ്യാഴാഴ്ച വാരണാസി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബാരിക്കേഡിനു പുറത്ത് വടക്കും പടിഞ്ഞാറും മതിലുകളുടെ മൂലയില്‍ പഴയ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും മണി, കലശം തുടങ്ങിയ ഹിന്ദു രൂപങ്ങളും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അടിത്തട്ടിലെ തൂണുകളില്‍ പൂക്കളും ത്രിശൂലവും കാണാമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് പറയുന്നത്.
ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ‘ശിവലിംഗം’ എവിടെയെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഗ്യാന്‍വാപി സര്‍വേയ്‌ക്കെതിരായ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. വാരണാസി കോടതി ഉത്തരവ് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
മുസ്ലീങ്ങളുടെ പ്രവേശനത്തിനും ആരാധനയ്ക്കുമുള്ള അവകാശത്തെ ബാധിക്കാതെ ശിവലിംഗം സംരക്ഷിക്കപ്പെടണമെന്നും ഇത് വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പള്ളിക്കമ്മിറ്റിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി യുപി സര്‍ക്കാരിന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
Also Read: മണിച്ചന്റെ മോചനം: നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി
പള്ളി സമുച്ചയത്തില്‍ ‘ശിവലിംഗം’ കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലം ഉടന്‍ മുദ്രവയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് വാരണാസി കോടതി നിര്‍ദേശിച്ചിരുന്നു. അടച്ചുപൂട്ടിയ മുറിയില്‍ ആരെങ്കിലും പ്രവേശിക്കുന്നതും കോടതി വിലക്കി. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി പള്ളി സമുച്ചയത്തിന്റെ വീഡിയോഗ്രാഫിക് സര്‍വേ പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കുള്ളിലാണ് കോടതി ഇടപെടലുണ്ടായത്. എന്നാല്‍ കണ്ടെത്തിയെന്നു പറയപ്പെടുന്ന ശിവലിംഗം അല്ലെന്നും ജലധാരയാണെന്നും ഇത് ആര്‍ക്കും പരിശോധിക്കാമെന്നുമാണു പള്ളി കമ്മിറ്റിയുടെ നിലപാട്.
സര്‍വേ കമ്മിഷണര്‍ അജയ് കുമാര്‍ മിശ്രയെ വാരണാസി കോടതി തല്‍സ്ഥാനത്തുനിന്ന് നീക്കി. സർവേ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു നടപടി. വിഡിയോ ചിത്രീകരണത്തിന്റെയും സർവേയുടെയും ചുമതല മിശ്രയ്ക്കായിരുന്നു.