/indian-express-malayalam/media/media_files/uploads/2023/05/Gyanvapi.jpg)
വാരണാസിയിലെ ഗ്യാന്‍വാപി പള്ളി പരിസരത്ത് ശാസ്ത്രീയ സര്‍വേ തുടങ്ങി, കനത്ത സുരക്ഷ| ഫൊട്ടോ; എഎന്‍ഐ
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഗ്യാന്‍വാപി പള്ളി പരിസരത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ) ശാസ്ത്രീയ സര്‍വേ ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ്, മുമ്പുണ്ടായിരുന്ന ഹിന്ദു ക്ഷേത്ര ഘടനയ്ക്ക് മുകളിലാണോ നിര്‍മ്മിച്ചതെന്ന് സര്‍വേ നിര്‍ണ്ണയിക്കും.
സര്‍വേ നടപടികളുടെ ഭാഗമായി പള്ളി പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്യാന്‍വാപി നിയമ തര്‍ക്കത്തിലെ ഹിന്ദുവിഭാഗം ഹര്‍ജിക്കാരുടെ പ്രതിനിധികളും സ്ഥലത്തുണ്ട്. അതേസമയം, അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി അംഗങ്ങള്‍ സര്‍വേ ബഹിഷ്‌കരിച്ചു, അവരുടെ പ്രതിനിധികള്‍ സര്‍വേയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെയാണ് പ്രദേശത്ത് സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയത്. വാരണാസി ജില്ലാ കോടതിയുടെ ജൂലൈ 21ലെ ഉത്തരവ് ചീഫ് ജസ്റ്റിസ് പ്രിതിങ്കര്‍ ദിവാകറിന്റെ ബെഞ്ച് പുനഃസ്ഥാപിച്ചു, കൂടാതെ ഇപ്പോഴത്തെ ഘടന ഹൈന്ദവ ക്ഷേത്രത്തിന്റെ ഘടനയ്ക്കു മുകളില്‍ നിര്‍മ്മിച്ചതാണോ എന്ന് കണ്ടെത്താന്‍ എഎസ്ഐയോട് നിര്‍ദ്ദേശിച്ചു. വാരാണസി കോടതിയോട് കേസില്‍ ചെറിയ തീയതികള്‍ നല്‍കി ഇരു കക്ഷികള്‍ക്കും അനാവശ്യമായി അവധി നല്‍കാതെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ബെഞ്ച് ആവശ്യപ്പെട്ടു.
വിധിക്കെതിരെ മണിക്കൂറുകള്‍ക്കകം അഞ്ജുമന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍, വെള്ളിയാഴ്ച മുതല്‍ സര്‍വേ ആരംഭിക്കാന്‍ എഎസ്ഐ പ്രാദേശിക ഭരണകൂടത്തിന്റെ സഹായം തേടിയെന്നും ജില്ലാ ഭരണകൂടം പൂര്‍ണ്ണ സജ്ജമാണെന്നും വാരണാസി ജില്ലാ മജിസ്ട്രേറ്റ് എസ് രാജലിംഗം പറഞ്ഞു. '' സര്‍വേ ആരംഭിക്കുന്നതിന് എഎസ്‌ഐ സഹായം തേടിയിട്ടുണ്ട്. അവര്‍ക്ക് എന്ത് സഹായം വേണമെങ്കിലും നല്‍കും. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ഞങ്ങള്‍ക്ക് ഒരു പദ്ധതിയുണ്ട്. ഞങ്ങള്‍ ഇരുപക്ഷത്തെയും അറിയിക്കും, ''അദ്ദേഹം പറഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.