ന്യൂഡല്‍ഹി: ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ‘ശിവലിംഗം’ എവിടെയെന്ന് സുപ്രീം കോടതി. ഗ്യാന്‍വാപി സര്‍വെയ്ക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. വാരണാസി കോടതി ഉത്തരവ് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
മുസ്ലീങ്ങളുടെ പ്രവേശനത്തിനും ആരാധനയ്ക്കും ഉള്ള അവകാശത്തെ ബാധിക്കാതെ ശിവലിംഗം സംരക്ഷിക്കപ്പെടണമെന്നും ഇത് വാരണാസി ജില്ലാ മഡിസ്ട്രേറ്റ് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പള്ളിക്കമ്മിറ്റിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി യുപി സര്‍ക്കാരിന് നോട്ടീസ് അയച്ചു.
അതേസമയം, വാരണാസി കോടതി സര്‍വെ കമ്മിഷണര്‍ അജയ് കുമാര്‍ മിശ്രയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് എന്നിവയുടെ ചിത്രീകരണത്തിന്റെയും സർവേയുടെയും ചുമതല മിശ്രയ്ക്കായിരുന്നു. സമിതിയുടെ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി രണ്ട് ദിവസത്തെ സമയം കൂടി അനുവദിച്ചു.
ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ‘ശിവലിംഗം’ കണ്ടെത്തിയ സ്ഥലം ഉടന്‍ മുദ്രവയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ഉത്തരവിട്ട് വാരണാസി കോടതി നിര്‍ദേശിച്ചിരുന്നു. അടച്ചുപൂട്ടിയ മുറിയില്‍ ആരെങ്കിലും പ്രവേശിക്കുന്നതും കോടതി വിലക്കി. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി പള്ളി സമുച്ചയത്തിന്റെ വീഡിയോഗ്രാഫിക് സര്‍വേ പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കുള്ളിലാണ് കോടതി ഇടപെടല്‍.
Also Read: വട്ടിയൂര്‍ക്കാവിലും പാലായിലും ജയിച്ചില്ലേ? തൃക്കാക്കരയിലെ പഴയ കണക്ക് നോക്കേണ്ടെന്ന് കോടിയേരി