ന്യൂഡല്‍ഹി: ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ‘ശിവലിംഗം’ കണ്ടെത്തിയ സ്ഥലം ഉടന്‍ മുദ്രവയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ഉത്തരവിട്ട് വാരണാസി കോടതി. അടച്ചുപൂട്ടിയ മുറിയില്‍ ആരെങ്കിലും പ്രവേശിക്കുന്നതും കോടതി വിലക്കി. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി പള്ളി സമുച്ചയത്തിന്റെ വീഡിയോഗ്രാഫിക് സര്‍വേ പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കുള്ളിലാണ് കോടതി ഇടപെടല്‍.
കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷണര്‍മാര്‍, ഇരുഭാഗത്തെയും അഭിഭാഷകര്‍, ബന്ധപ്പെട്ട കക്ഷികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മൂന്നു ദിവസമായി നടന്ന സര്‍വേ ഇന്ന് ഉച്ചയോടെയാണ് അവസാനിപ്പിച്ചത്.
പള്ളി സമുച്ചയത്തിന്റെ വീഡിയോ സര്‍വേ പുനരാരംഭിക്കാന്‍ വാരാണസി കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. സര്‍വേ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഒരു പക്ഷത്തിന്റെ ആളാണെന്ന ആരോപണത്തെത്തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച സര്‍വേ നിര്‍ത്തിവച്ചത്. സര്‍വേ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.
കോടതി നിയോഗിച്ച കമ്മിഷന്റെ നടപടി പൂര്‍ത്തിയായതായി വാരാണസി പൊലീസ് കമ്മിഷണര്‍ സതീഷ് ഗണേഷ് മാധ്യമങ്ങളോട് പറഞ്ഞു. ”മൂന്ന് ദിവസത്തെ പ്രവര്‍ത്തനം തിങ്കളാഴ്ച പൂര്‍ത്തിയായി. ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലാതെ മികച്ച അന്തരീക്ഷത്തിലാണ് സര്‍വേ നടന്നത്. കാശിയിലെ ജനങ്ങളുടെ സഹകരണത്തിന് നന്ദി പറയുന്നു,” അദ്ദേഹം പറഞ്ഞു. അനൗദ്യോഗിക പ്രസ്താവനകള്‍ക്കു ചെവികൊടുക്കരുതെന്നു അദ്ദേഹം മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.
Also Read: കെ-റെയിൽ കല്ലിടൽ നിർത്തി സർക്കാർ; സർവേയ്ക്ക് ഇനി ജിപിഎസ് സംവിധാനം
കോടതിയില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു വരെ അതിലെ വിവരം എന്താണെന്ന് വെളിപ്പെടുത്തരുതെന്ന് കോടതി കമ്മിഷണര്‍ എല്ലാ കക്ഷികള്‍ക്കും നിര്‍ദേശം നല്‍കിയതായി സര്‍വേ നടപടി പൂര്‍ത്തിയാക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച വാരണാസി ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ പറഞ്ഞു.
”കണ്ടെത്തിയ വിവരങ്ങളുടെ സൂക്ഷിപ്പുകാരന്‍ കോടതി മാത്രമാണ്. ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ ചിന്തയാണ്. കോടതി കമ്മിഷന്‍ നടപടിയുമായി അതിനു ബന്ധമില്ല,” അദ്ദേഹം പറഞ്ഞു.
വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിനുള്ളിലെ ഹിന്ദു ആരാധനാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വര്‍ഷം മുഴുവന്‍ പ്രവേശനം ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് കോടതി ഏപ്രിലില്‍ ഉത്തരവിട്ടത്. നിലവില്‍, ഈ ആരാധനാലയം വര്‍ഷത്തിലൊരിക്കലാണ് പ്രാര്‍ത്ഥനയ്ക്കായി തുറന്നിരിക്കുന്നത്.
ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന മതവിശ്വാസത്തിനുള്ള തങ്ങളുടെ അവകാശം സംരക്ഷിക്കണമെന്നും തര്‍ക്കസ്ഥലത്ത് ആരാധന നടത്താന്‍ തടസം സൃഷ്ടിക്കരുതെന്നു മസ്ജിദ് കമ്മിറ്റിയോട് ഉത്തരവിടണമെന്നുമാണു ഹര്‍ജിക്കാരുടെ ആവശ്യം.