ലക്‌നൗ: കാശി-വിശ്വനാഥ്-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ തടസമില്ലാതെ ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ടുള്ള അഞ്ച് സ്ത്രീകളുടെ ഹര്‍ജി പരിഗണിക്കുന്ന വാരണാസി കോടതി തര്‍ക്കസ്ഥലത്ത് സര്‍വേ തുടരുമെന്ന് ഉത്തരവിട്ടു.
അഭിഭാഷകന്‍ അജയ് കുമാര്‍ മിശ്രയെ കൂടാതെ അജയ് സിങ്, വിശാല്‍ സിങ് എന്നീ അഭിഭാഷക കമ്മിഷണര്‍മാരെ കൂടി കോടതി നിയോഗിച്ചു. അജയ് കുമാര്‍ മിശ്രയുടെ പെരുമാറ്റം പക്ഷപാതപരമാണെന്ന് അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി ആരാപിച്ചതിനെത്തുടര്‍ന്നാണ് പുതിയ കമ്മിഷണര്‍മാരെ നിയമിച്ചത്. ഗ്യാന്‍വാപി-കാശി വിശ്വനാഥ ക്ഷേത്ര സമുച്ചയത്തില്‍ നടത്തിയ പരിശോധന സംബന്ധിച്ച് പതിനേഴിനകം കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിനുള്ളിലെ ഹിന്ദു ആരാധനാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വര്‍ഷം മുഴുവന്‍ പ്രവേശനം ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് കോടതി ഏപ്രിലില്‍ ഉത്തരവിട്ടത്. നിലവില്‍, ഈ ആരാധനാലയം വര്‍ഷത്തിലൊരിക്കലാണ് പ്രാര്‍ത്ഥനയ്ക്കായി തുറന്നിരിക്കുന്നത്.
ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന മതവിശ്വാസത്തിനുള്ള തങ്ങളുടെ അവകാശം സംരക്ഷിക്കണമെന്നും തര്‍ക്ക സ്ഥലത്ത് ആരാധന നടത്താന്‍ തടസം സൃഷ്ടിക്കരുതെന്നു മസ്ജിദ് കമ്മിറ്റിയോട് ഉത്തരവിടണമെന്നുമാണു ഹര്‍ജിക്കാരുടെ ആവശ്യം. വിഷയത്തില്‍ പ്രാദേശിക കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ 21ന് അലഹബാദ് ഹൈക്കോടതി തള്ളി. തര്‍ക്കസ്ഥലത്തിന്റെ വീഡിയോ ചിത്രീകരിക്കാന്‍ ഏപ്രില്‍ 26 ന്, വാരണാസി കോടതി വീണ്ടും ഉത്തരവിട്ടിരുന്നു. ഇത് കനത്ത സുരക്ഷാ വലയത്തില്‍ നാളെ ഉച്ചയ്ക്കുശേഷം ആരംഭിക്കും.
Also Read: രാജീവ് കുമാർ അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ; മേയ് 15ന് ചുമതലയേൽക്കും
അതേസമയം, മസ്ജിദ് സമുച്ചയത്തിലെ വീഡിയോഗ്രാഫിയെ ചൊല്ലിയുള്ള തര്‍ക്കം കാരണം സര്‍വേ പൂര്‍ത്തിയായിട്ടില്ല.
”മുസ്ലിം വിഭാഗം അഭിഭാഷകന്‍ കമ്മിഷണറെ മാറ്റിനിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് അപൂര്‍ണമായ സര്‍വേ പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ അഭ്യര്‍ഥിച്ചു. കോടതി ഇരുഭാഗവും കേട്ട് വിധി വ്യാഴാഴ്ചത്തേക്കു മാറ്റിവച്ചു,” ഹരജിക്കാരുടെ അഭിഭാഷകരില്‍ ഒരാളായ മദന്‍ മോഹന്‍ യാദവ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. മുച്ചയത്തിനുള്ളില്‍ സര്‍വേ നടത്താന്‍ കമ്മിഷനെ അനുവദിക്കണമെന്ന് തങ്ങള്‍ കോടതിയില്‍ അഭ്യര്‍ഥിച്ചിരുന്നുവെന്നും മദന്‍ മോഹന്‍ യാദവ് കൂട്ടിച്ചേര്‍ത്തു.
”അഭിഭാഷക കമ്മിഷണറെ മാറ്റാന്‍ ഞങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. വീഡിയോഗ്രാഫിക് സര്‍വേയ്ക്കായി കമ്മിഷനെ പ്രവേശിപ്പിക്കണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മസ്ജിദിനുള്ളില്‍ വീഡിയോഗ്രാഫിക്കായി ഒരു ഉത്തരവും കോടതി പുറപ്പെടുവിച്ചിട്ടില്ലെന്ന് ഞങ്ങള്‍ വാദിച്ചു. കമ്മിഷനില്‍ ആളുകളുടെ എണ്ണം ആവശ്യപ്പെട്ട് ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍ (സിവില്‍) അപേക്ഷ നല്‍കിയപ്പോള്‍ പുറപ്പെടുവിച്ച ഏപ്രില്‍ 26 ന് ഉത്തരവ് ഞങ്ങള്‍ ഉദ്ധരിച്ചു,”അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ അഭയ്‌നാഥ് പറഞ്ഞു.