scorecardresearch

ഗ്യാന്‍വാപി കേസ്: ഹിന്ദു സ്ത്രീകളുടെ ഹര്‍ജി നിലനില്‍ക്കുമെന്നു വാരണാസി കോടതി

ഹര്‍ജികള്‍ക്കെതിരായ അഞ്ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പ് കോടതി തള്ളി

gyanvapi case, varanasi court, ie malayalam

വാരണാസി: ഗ്യാന്‍വാപി മസ്ജിദിന്റെയും ചുറ്റുമുള്ള സ്ഥലത്തിന്റെയും അവകാശം ചോദ്യം ചെയ്ത സിവില്‍ ഹര്‍ജികള്‍ നിലനില്‍ക്കുമെന്നു വാരണാസി ജില്ലാ സെഷന്‍സ് കോടതി. അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജികള്‍ക്കെതിരായ അഞ്ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പ് കോടതി തള്ളി.

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദ് സമുച്ചയത്തിന്റെ പുറം ഭാഗത്ത് മാ ശൃംഗര്‍ ഗൗരിയെ ആരാധിക്കാനുള്ള അവകാശം ആവശ്യപ്പെട്ടാണ് അഞ്ച് ഹിന്ദു സ്ത്രീകള്‍ ഹര്‍ജി നല്‍കിയിരുന്നത്.

വിധിക്കു മുന്നോടിയായി വാരണാസി നഗരത്തില്‍ സുരക്ഷ ശക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാരാണസി കമ്മിഷണറേറ്റ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സമാധാനം ഉറപ്പാക്കാന്‍ അതതു പ്രദേശങ്ങളിലെ മതനേതാക്കളുമായി ആശയവിനിമയം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും പൊലീസ് കമ്മിഷണര്‍ എ സതീഷ് ഗണേഷ് പറഞ്ഞു.

നഗരത്തെ സെക്ടറുകളായി തിരിച്ച് ആവശ്യാനുസരണം പൊലീസ് സേനയെ വിന്യസിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്‌നസാധ്യതാ മേഖലകളില്‍ ഫ്‌ളാഗ് മാര്‍ച്ചിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍, ഹോട്ടല്‍, ഗസ്റ്റ് ഹൗസുകള്‍, സോഷ്യല്‍ മീഡിയ എന്നിവയും പൊലീസ് നിരീക്ഷിക്കും.

ഹര്‍ജികള്‍ പരിഗണിക്കുന്നതു സംബന്ധിച്ച ഹിന്ദു-മുസ്ലിം കക്ഷികളുടെ വാദങ്ങള്‍ കഴിഞ്ഞമാസം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നു വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. വിഷയത്തില്‍ വാരാണസി ജില്ലാ കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുമെന്നു ജൂലൈയില്‍ വ്യക്തമാക്കിയ സുപ്രീം കോടതി പറഞ്ഞു കേസ് ഒക്ടോബര്‍ 20 ലേക്കു മാറ്റിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Gyanvapi case varanasi court order

Best of Express