ന്യൂഡല്‍ഹി: ഗുവാഹതി-ബിക്കാനീര്‍ എക്‌സ്‌പ്രസ് പശ്ചിമബംഗാളില്‍ പാളം തെറ്റി. മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.
വടക്കന്‍ ബംഗാളിലെ മെയ്‌നാഗുരിയിലെ ദോമോഹാനി മേഖലയ്ക്കു സമീപമാണു സംഭവം. നാല് കോച്ചുകള്‍ പാളം തെറ്റി. കൂടുതല്‍ ആളപായമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
”ഇതുവരെ, മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. പരുക്കേറ്റ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജ്ജമായിരിക്കാന്‍ സമീപത്തെ എല്ലാ ആശുപത്രികളോടും ആവശ്യപ്പെട്ടിട്ടുണ്ട്,” ജയ്‌പാ ല്‍ഗുരി ജില്ലാ മജിസ്ട്രേറ്റ് മൗമിത ഗോദാര ബസു പറഞ്ഞു.
മുപ്പതോളം ആംബുലന്‍സുകള്‍ സ്ഥലത്തെത്തി. നോര്‍ത്ത് മെഡിക്കല്‍ കോളജ്, ജല്‍പായ്ഗുരി സബ് ഡിവിഷന്‍ ആശുപത്രി എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read: ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിധി നാളെ
നാല് കോച്ചുകള്‍ പാളം തെറ്റിയതായാണു പ്രഥമദൃഷ്ട്യാ മനസിലാക്കുന്നതെന്നും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും റെയില്‍വേ അലിപുര്‍ദുവാര്‍ ഡിവിഷണല്‍ മാനേജര്‍ ദിലീപ് കുമാര്‍ സിങ് പറഞ്ഞു. വിവിധ സംഘങ്ങള്‍ സംഭവസ്ഥലത്തേക്കു കുതിക്കുകയാണെന്നുെം അദ്ദേഹം പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് ഏറ്റവും അടുത്തുള്ള ആശുപത്രി കുറഞ്ഞത് 13-14 കിലോമീറ്റര്‍ അകലെയാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നുള്ള വിവരം. അതിനാലാണ് മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ ഭയപ്പെടുന്നത്.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 03612731622, 03612731623.