ന്യൂഡല്‍ഹി: ഡല്‍ഹിക്കു സമീപം ഗുഡ്ഗാവില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ജഡ്ജിയുടെ മകന്‍ മരിച്ചു. അഡീഷണല്‍ സെഷന്‍ ജഡ്ജി കൃഷ്ണ കാന്തിന്റെ മകന്‍19കാരനായ ധ്രുവ് ആണ് ഇന്ന് രാവിലെ മരിച്ചത്.
ഒക്ടോബര്‍ 13ന് നടന്ന വെടിവയ്പില്‍ പരുക്കേറ്റ കൃഷ്ന്‍ കാന്തിന്റെ 38കാരിയായ ഭാര്യ റിതു ഞായറാഴ്ച മരിച്ചിരുന്നു. മകന്‍ ധ്രുവിനൊപ്പം ശനിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നരയോടെ ആര്‍കാഡിയ മാര്‍ക്കറ്റില്‍ ഷോപ്പിംഗിനെത്തിയ ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ വെടി വയ്ക്കുകയായിരുന്നു. സംഭവത്തിന് ശേഷം മഹിപാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നാല് വര്‍ഷക്കാലമായി ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥനായി പല ഉദ്യോഗസ്ഥര്‍ക്കൊപ്പവും ജോലി ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മഹിപാല്‍ ജഡ്ജിയുടെ ഗണ്‍മാനാണ്.
Read More: ഗൺമാന്റെ വെടിയേറ്റ ജഡ്ജിയുടെ ഭാര്യ മരിച്ചു; മകന്റെ നില അതീവ ഗുരുതരം
കുടുംബ പ്രശ്‌നങ്ങള്‍ മൂലം മാനസിക പിരിമുറക്കത്തിലായിരുന്നു മഹിപാലെന്നു പോലീസ് പറഞ്ഞു. ഏതാനും ദിവസങ്ങളായി വീട്ടില്‍പ്പോകാന്‍ ഇയാള്‍ അവധി ചോദിച്ചിരുന്നുവെങ്കിലും ജഡ്ജി നിഷേധിച്ചു. ജഡ്ജി പലപ്പോഴും മഹിപാലിനെ മര്‍ദ്ദിച്ചിരുന്നു. സംഭവ ദിവസം റിതുവും മഹിപാലിനെ മര്‍ദ്ദിച്ചിരുന്നതായി വിവരം ലഭിച്ചുവെന്നും പോലീസ് പറഞ്ഞു.
സംഭവ ദിവസം ധ്രുവിനോടും ഇയാള്‍ വഴക്കിട്ടിരുന്നുവത്രെ. ഷോപ്പിംഗ് മാളില്‍ നിന്ന് റിതുവും ധ്രുവും പുറത്തു വന്നപ്പോള്‍ മഹിപാലിനെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് മഹിപാല്‍ തിരികെ എത്തിയപ്പോള്‍ ഇരുവരും അദ്ദേഹത്തെ വഴക്ക് പറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് പ്രതി അക്രമം നടത്തിയതെന്നാണ് പൊലീസിന്റെ ഭാഷ്യം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
Read More: ജഡ്‌ജിയുടെ ഭാര്യയെയും മകനെയും ഗൺമാൻ പട്ടാപ്പകൽ വെടിവച്ചിട്ടു