ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
കോൺഗ്രസ് നേതാവായ അഹമ്മദ് പട്ടേലിനെ കാണാനാണ് അദ്ദേഹം മുംബൈയിൽനിന്നും ഡൽഹിയിലെത്തിയത്. ഇന്ന് ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കാനായി മുംബൈയിലേക്ക് മടങ്ങിവരാനിരിക്കെയായിരുന്നു അന്ത്യം. മരണവാർത്ത അറിഞ്ഞ കാമത്തിന്റെ കുടുംബം ഡൽഹിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം അദ്ദേഹത്തിന്റെ മൃതദേഹം ഡൽഹിയിൽനിന്നും മുംബൈയിലേക്ക് കൊണ്ടുപോകും.
1972 ൽ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു കമ്മത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. പോഡർ കോളേജിൽ പഠിക്കുന്ന സമയത്താണ് നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യയിൽ ചേരുന്നത്. 1976 ൽ മുംബൈയിലെ എൻഎസ്യുവിന്റെ പ്രസിഡന്റായി അദ്ദേഹത്തെ നിയമിച്ചു. 2009 ൽ മുംബൈ നോർത്ത് വെസ്റ്റ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. 1984, 1991, 1998, 2004 ൽ മുംബൈ നോർത്ത് ഈസ്റ്റ് നിയോജക മണ്ഡലത്തിൽനിന്നും ജയിച്ച് പാർലമെന്റിലെത്തി.
യുപിഎ സര്‍ക്കാരില്‍ 2009 മുതൽ 2011 വരെ ആഭ്യന്തര സഹമന്ത്രിയായിരുന്നു. ഐടി കമ്മ്യൂണിക്കേഷന്‍സ് വകുപ്പുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. 2011 ൽ മന്ത്രിസ്ഥാനം രാജിവച്ചു. 2016 ൽ അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽനിന്നും രാജിവച്ചു.