ഡൽഹി സർവ്വകലാശാലയിലെ അക്രമവുമായി ബന്ധപ്പെട്ട് ഗുർമെഹർ കൗറിന് സന്ദേശവുമായി ഒരു റേഡിയോ ജോക്കിയുടെ പോസ്റ്റ് വൈറലാകുന്നു. വിഷയത്തിൽ ഗുർമെഹറും വിരേന്ദർ സെവാഗും ഇട്ട വിഡിയോയ്‌ക്ക് മറുപടിയായാണ് റേഡിയോ മിർച്ചിയിൽ ആർജെയായ നവേദ് വിഡിയോ ഇറക്കിയിരിക്കുന്നത്. സർവ്വകലാശാലയിൽ എബിവിപി നടത്തിയ അക്രമത്തിന് എതിരെ ഫെയ്‌സ്ബുക്കിൽ പ്രചാരണം നടത്തിയ ഗുർമെഹറിനെതിരെ ബലാത്സംഗ ഭീഷണി അടക്കം ഉയർന്നിരുന്നു.

എബിവിപിയെ തനിക്ക് ഭയമില്ലെന്ന് കാണിച്ച് ഗുർമെഹർ ഫെയ്‌സ്ബുക്കിൽ വിഡിയോയിലൂടെയാണ് തന്റെ പ്രതിഷേധം അറിയിച്ചത്. തന്റെ നിലപാടുകൾ കടലാസിൽ എഴുതിയാണ് ഗുർമെഹർ വിഡിയോയിൽ കാണിച്ചിരുന്നത്.

ഇതേ മാതൃകയിൽ വെളള കടലാസിൽ സന്ദേശമെഴുതിയാണ് ആർജെ നവേദും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. എല്ലാ ദേശ വിരുദ്ധരും പാകിസ്ഥാനിലേക്ക് പോകേണ്ടവർക്കുമുളളതാണ് തന്റെ സന്ദേശമെന്നും നവേദ് പറയുന്നു. അവസാന സന്ദേശമായി കടലാസിന്റെ പാഴ്‌ചെലവ് കുറയ്‌ക്കണമെന്നാണ് ആർജെ നവേദ് പറയുന്നത്.

ഈ സന്ദേശം താൻ എഴുതയത് ഉപയോഗിച്ച പേപ്പറുകളുടെ പിറകുവശത്താണെന്നും കടലാസ് ദുരുപയോഗം ചെയ്‌തിട്ടില്ലെന്നും നവേദ് കൂട്ടിച്ചേർത്തു. കടലാസ് ദുരുപയോഗം ചെയ്യാതിരുന്നാൽ മരങ്ങൾ സംരക്ഷിക്കാമെന്നും അങ്ങനെ പ്രകൃതിയെയും മനുഷ്യരേയും സംരക്ഷിക്കാമെന്നും എങ്കിൽ മാത്രമേ ദേശീയവാദികൾക്കും ദേശവിരുദ്ധർക്കും ഇവിടെ ജീവിക്കാനാകുവെന്നും നവേദ് പറയുന്നു. അതുകൊണ്ട് സ്‌നേഹത്തോടെയും സമാധാനത്തോടെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണമെന്നും വിഡിയോയിൽ പറഞ്ഞുവയ്‌ക്കുന്നു.

ഫെയ്‌സ്ബുക്കിൽ തന്റെ ചിത്രം പോസ്റ്റ് ചെയ്‌തതിനു താഴെ എബിവിപി പ്രവർത്തകർ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി ഉയർത്തിയതായി ഗുർമെഹർ പരാതി ഉയർത്തിയിരുന്നു. എന്നാൽ ഇത് സമൂഹ മാധ്യമങ്ങളിൽ പല തരത്തിലാണ് സ്വീകരിക്കപ്പെട്ടത്.

രാജ്യമാകെ ചർച്ചയാകപ്പെട്ട വിഷയം, ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും അടക്കം ഗുർമെഹറിന് അനുകൂലിച്ചും പരിഹസിച്ചുമെല്ലാം രംഗത്തെത്തിയിരുന്നു. ഗുർമെഹർ വിഡിയോ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ അതിനെ പരിഹസിക്കുന്ന രൂപത്തിൽ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗും ഇതേ മാതൃകയിൽ കടലാസിൽ എഴുതി വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ