മുംബൈ: ഡൽഹി സർവ്വകലാശാലയിൽ എബിവിപി പ്രവർത്തകർ നടത്തിയ അക്രമത്തിനെതിരെ ക്യാംപെയ്‌ൻ നടത്തിയ കാർഗിലിൽ അന്തരിച്ച ജവാന്റെ മകൾ ഗുർമെഹർ കൗർ അഴിച്ചുവിട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. എബിവിപിക്ക് എതിരെ സംസാരിച്ച തന്നെ മാനഭംഗം ചെയ്യുമെന്ന് ഭീഷണി ഉയരുന്നതായി ഗുർമെഹർ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമത്തിലൂടെ പറഞ്ഞത്. വിഷയത്തിൽ ഗുർമെഹറിന് പിന്തുണ അറിയിച്ച് നടി വിദ്യാ ബാലനും രംഗത്തെത്തി.

എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും മറ്റുളളവരുടെ വ്യക്തിത്വത്തെ നാം മാനിക്കണമെന്നുമാണ് ഗുർമെഹറിനെക്കുറിച്ചുളള ചോദ്യത്തിന് വിദ്യ പ്രതികരിച്ചത്. ഏത് തരത്തിലുളള അക്രമത്തിനും താൻ എതിരാണെന്നും വിദ്യ പറഞ്ഞു. മുബൈയിൽ നടന്ന ഒരു പുസ്‌തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിദ്യ.

പൂജാ ഭട്ട്, വിശാൽ ദദ്‌ലാനി തുടങ്ങി നിരവധി പേർ ബോളിവുഡിൽ നിന്ന് ഗുർമെഹറിന് പിന്തുണ അറിയിച്ചിരുന്നു. എന്നാൽ നടൻ രൺദീപ് ഹൂഡയും ക്രിക്കറ്റ് താരം വിരേന്ദർ സെവാഗും ഗുർമെഹറിനെ കളിയാക്കി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. പക്ഷേ താൻ ഗുർമെഹറിനെ ഉദ്ദേശിച്ചല്ല അത്തരത്തിൽ ഒരു പോസ്റ്റ് ഇട്ടതെന്ന് പിന്നീട് സേവാഗ് വിശദീകരിക്കുകയും ചെയ്‌തിരുന്നു.

വിഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും ഗുർമെഹർ നടത്തിയ ക്യാംപെയ്‌നിൽ നിന്ന് ഇന്നലെ പിന്മാറിയിരുന്നു. അതിനിടെയാണ് ഗുർമെഹറിന് പിന്തുണയറിയിച്ച് നിരവധി പേർ രംഗത്തെത്തുന്നത്.

നേരത്തെ കമൽ സംവിധാനം ചെയ്യുന്ന മാധവിക്കുട്ടിയുടെ കഥ ആവിഷ്‌കരിക്കുന്ന ആമി എന്ന ചിത്രത്തിൽ നിന്ന് വിദ്യ പിന്മാറിയത് വലിയ വാർത്തയായിരുന്നു. ബിജെപി അനുഭാവിയായ വിദ്യ, കമലിനു നേരെയുണ്ടായ വിവാദങ്ങളുടെ പേരിലാണ് ചിത്രത്തിൽ നിന്ന് പിന്മാറിയതെന്ന തരത്തിൽ ചില ആരോപണങ്ങളും ഉയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ