scorecardresearch
Latest News

പരിഹസിച്ച സെവാഗിനും കിരണ്‍ റിജ്ജുവിനും മറുപടിയുമായി കാർഗിൽ രക്​തസാക്ഷിയുടെ മകൾ രംഗത്ത്

ഇത്തരക്കാര്‍ക്ക് വേണ്ടിയാണ് മാച്ചുകള്‍ നടക്കുമ്പോള്‍ നിങ്ങള്‍ ആര്‍ത്തുവിളിച്ചതെന്നും എന്നാല്‍ പിതാവിന്റെ മരണത്തെ ഇവരാണ് പരിഹസിക്കുന്നതെന്നും കാണുമ്പോള്‍ ഹൃദയം തകര്‍ന്ന് പോയെന്നും ഗുര്‍മെഹര്‍

പരിഹസിച്ച സെവാഗിനും കിരണ്‍ റിജ്ജുവിനും മറുപടിയുമായി കാർഗിൽ രക്​തസാക്ഷിയുടെ മകൾ രംഗത്ത്

ന്യൂഡൽഹി: കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ പരാമര്‍ശത്തിന് മറുപടിയുമായി എ.ബി.വി.പി​ക്കെതി​രെ ഓൺലൈൻ കാമ്പയിൻ നടത്തിയ കാർഗിൽ രക്​തസാക്ഷിയുടെ മകൾ ഗുര്‍മെഹർ കൗര്‍ രംഗത്ത്. പെണ്‍കുട്ടിയുടെ മനസ് ആരാണ് മലിനമാക്കിയതെന്ന് ചോദിച്ച റിജ്ജുവിന് തന്റെ മനസ് ആരും മലിനമാക്കിയില്ലെന്നും തനിക്ക് തന്റെ സ്വന്തമായ മനസാണുള്ളതെന്നും അവര്‍ പറഞ്ഞു. താന്‍ ദേശവിരുദ്ധ അല്ലെന്നും ഗുര്‍മെഹര്‍ പറഞ്ഞു.

പരിഹാസവുമായി രംഗത്തെത്തിയ മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിനേയും പെണ്‍കുട്ടി വിമര്‍ശിച്ചു. ഇത്തരക്കാര്‍ക്ക് വേണ്ടിയാണ് മാച്ചുകള്‍ നടക്കുമ്പോള്‍ നിങ്ങള്‍ ആര്‍ത്തുവിളിച്ചതെന്നും എന്നാല്‍ പിതാവിന്റെ മരണത്തെ ഇവരാണ് പരിഹസിക്കുന്നതെന്നും കാണുമ്പോള്‍ ഹൃദയം തകര്‍ന്ന് പോയെന്നും ഗുര്‍മെഹര്‍ പറഞ്ഞു.

ഇതിനിടെ ഗുര്‍മെഹറിനെ പിന്തുണച്ച്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​ ചെയ്തിട്ടുണ്ട്. ഭീതിപ്പെടുത്തുന്ന ദുർ ഭരണത്തിനെതി​രെ വിദ്യാർഥിക​ളോടൊപ്പം നാം നിൽക്കണം. അസഹിഷണുത​ക്കെതിരെയും അവഗണനക്കെതിരെയും ഉയരുന്ന എല്ലാ ഉറച്ച ശബ്ദങ്ങളിലും ഒരു ഗുര്‍മെഹര്‍ ഉണ്ടായിരിക്കും എന്നാണ്​ രാഹുൽ ട്വീറ്റ്​ ​ചെയ്​തിരിക്കുന്നത്​.

ഈ പെണ്‍കുട്ടിയുടെ മനസ് ആരാണ് മലിനമാക്കിയതെന്നായിരുന്നു നേരത്തേ റിജ്ജു ട്വീറ്റ് ചെയ്തത്. ശക്തമായ സൈനിക ശക്തിയാണ്​ യുദ്ധത്തെ തടയുന്നത്​. ഇന്ത്യ ആരേയും അങ്ങോട്ട്​ അക്രമിച്ചിട്ടില്ല. എന്നാൽ ദുര്‍ബലമായിരുന്ന കാലത്ത്​ ഇന്ത്യ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു കിരണ്‍ റിജ്ജു ട്വിറ്ററില്‍ കുറിച്ചത്​. തന്റെ അച്ഛനെ കൊന്നത് പാകിസ്താനല്ല മറിച്ച് യുദ്ധമാണെന്ന ഗുര്‍മെഹറി​െൻറ ചിത്രത്തെ പരാമർശിച്ചായിരുന്നു റിജ്ജുവി​​െൻറ പ്രതികരണം.

എബിവിപിയെ ഭയപ്പെടുന്നില്ല എന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്‌ത ഗുര്‍മെഹറിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി ഉയർന്നിരുന്നു. എന്റെ അച്ഛൻ രാജ്യത്തിനു വേണ്ടി വെടിയേറ്റ് മരിച്ചെങ്കിൽ ഞാനും രാജ്യത്തിനു വേണ്ടി വെടിയേൽക്കാൻ തയാറാണെന്നും ഗുർമെഹർ പറഞ്ഞു.

ഡൽഹിയിലെ ലേഡി ശ്രീറാം കോളജ് ഫോർ വുമനിൽ എബിവിപി പ്രവർത്തകരുടെ ആക്രമണമുണ്ടായ സാഹചര്യത്തിൽ ഗുർമെഹർ സമൂഹമാധ്യമത്തിലൂടെ ‘എബിവിപിയെ ഭയക്കുന്നില്ല’ എന്ന ക്യാംപെയ്ൻ നടത്തിയിരുന്നു. ഇതിനു ശേഷമാണ് ചിലർ യുവതിയുടെ ഫെയ്‌സ്ബുക്കിലൂടെ മാനഭംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്.

താൻ ഡൽഹി സർവ്വകലാശാലയിലെ ഒരു വിദ്യാർഥിനിയാണെന്നും എബിവിപിയെ ഭയപ്പെടുന്നില്ലെന്നും എഴുതിയ പ്ലക്കാർഡുമായി നിൽക്കുന്ന ഗുർമെഹറിന്റെ ചിത്രം ഫെയ്‌സ്ബുക്കിൽ ഇട്ടിരുന്നു. താൻ ഒറ്റയ്‌ക്കല്ലെന്നും ഇന്ത്യ മുഴുവൻ തന്നോടൊപ്പമുണ്ടെന്നും യുവതി പ്ലക്കാർഡിൽ എഴുതിയിരുന്നു. ഈ ചിത്രത്തിനു താഴെയാണ് എങ്ങനെയാണ് യുവതിയെ മാനഭംഗപ്പെടുത്തുക എന്നുവരെ വിശദീകരിച്ച് കമന്റുകൾ വന്നത്.

‘ദേശവിരുദ്ധ’ എന്നു വിളിച്ചാണ് ഭീഷണികൾ വരുന്നതെന്നും ദേശീയതയുടെ പേരിൽ ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തുമെന്ന് പറയുന്നത് ശരിയല്ലെന്ന് ഗുർമെഹർ എൻഡിടിവിയോട് പറഞ്ഞു. ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപി പ്രവർത്തകരാണ് ഇതിനു പിന്നിലെന്നാണ് സൂചന.

ഇതിനു മുൻപ് ഗുർമെഹർ പോസ്റ്റ് ചെയ്‌ത ഒരു വിഡിയോയിൽ ഇതുപോലെ പ്ലക്കാർഡ് പിടിച്ച് ‘പാകിസ്ഥാനല്ല എന്റെ അച്ഛനെ കൊന്നത്, യുദ്ധമാണ്’ എന്നെഴുതിയിരുന്നു. ഇതിന് ക്രിക്കറ്റ് താരം വിരേന്ദർ സേവാഗും നടൻ രൺദീപ് ഹൂഡയും ട്രോളുമായി രംഗത്തെത്തിയിരുന്നു. ഇവരെ വിമര്‍ശിച്ചും ട്വിറ്റര്‍ ഉപയോക്താക്കള്‍ അണിനിരന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Gurmehar kaur responds to rijijus remark sehwag