ന്യൂഡൽഹി: എബിവിപിക്കെതിരായ പ്രചാരണത്തിൽ നിന്ന് പിന്മാറുന്നതായി കാർഗിൽ രക്തസാക്ഷിയുടെ മകൾ ഗുർമേഹർ കൗർ ട്വിറ്ററിലൂടെ അറിയിച്ചു. രാംജാസ് കോളജിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) നടത്തുന്ന മാർച്ചിൽ പങ്കെടുക്കില്ല. പേടിച്ചിട്ടല്ല പിന്മാറുന്നതെന്നും ചെയ്യാനുളളതെല്ലാം ചെയ്‌തിട്ടുണ്ടെന്നും ഗുർമേഹർ ട്വീറ്റ് ചെയ്‌തു. ഡൽഹി സർവകലാശാല വിദ്യാർഥിയാണ് ഗുർമോഹർ കൗർ.

ഇത് വിദ്യാർഥികൾ നടത്തുന്ന ക്യാംപയിനാണ്. വലിയ നമ്പറിലുളള പങ്കാളിത്തം ഉറപ്പ് വരുത്തി ഇത് വിജയിപ്പിക്കണം. എല്ലാ വിധ ആശംസകളും നേരുന്നുവെന്ന് ഗുർമേഹർ ട്വിറ്ററിൽ കുറിച്ചു.

എന്റെ ധൈര്യം ചോദ്യം ചെയ്യുന്നവരോട്, അത് ആവശ്യത്തിലധികം ഞാൻ കാണിച്ചിട്ടുണ്ട്. ഒരു കാര്യമുറപ്പാണ്, അടുത്ത തവണ ആക്രമണങ്ങളും ഭീഷണികളും നടത്തുന്നതിന് മുൻപായി രണ്ട് തവണ ആലോചിക്കും- ഗുർമേഹർ ട്വീറ്റ് ചെയ്‌തു.

ഡൽഹിയിലെ ലേഡി ശ്രീറാം കോളജ് ഫോർ വുമനിൽ എബിവിപി പ്രവർത്തകരുടെ ആക്രമണമുണ്ടായ സാഹചര്യത്തിൽ ഗുർമെഹർ സമൂഹമാധ്യമത്തിലൂടെ ‘എബിവിപിയെ ഭയക്കുന്നില്ല’ എന്ന ക്യാംപെയ്ൻ നടത്തിയിരുന്നു. ഇതിനു ശേഷം ചിലർ യുവതിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ മാനഭംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

താൻ ഡൽഹി സർവകലാശാലയിലെ ഒരു വിദ്യാർഥിനിയാണെന്നും എബിവിപിയെ ഭയപ്പെടുന്നില്ലെന്നും എഴുതിയ പ്ലക്കാർഡുമായി നിൽക്കുന്ന ഗുർമെഹറിന്റെ ചിത്രം ഫെയ്‌സ്ബുക്കിൽ ഇട്ടിരുന്നു. താൻ ഒറ്റയ്‌ക്കല്ലെന്നും ഇന്ത്യ മുഴുവൻ തന്നോടൊപ്പമുണ്ടെന്നും യുവതി പ്ലക്കാർഡിൽ എഴുതിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ