പഞ്ച്കുള: ബലാൽസംഗക്കേസിൽ 20 വർഷം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആൾദൈവവും ദേര സച്ച സൗദാ തലവനുമായ ഗുർമീത് റാം റഹീം സിങ് തികഞ്ഞ അച്ചടക്കവും നല്ല പെരുമാറ്റവും ഉളള ജയിൽപുളളിയാണെന്ന് ഹരിയാന ജയിൽ ഡയറക്ടർ ജനറൽ കെ.പി.സിങ്. ജയിൽ അധികൃതർ നൽകുന്ന എല്ലാ നിർദേശങ്ങളും ഗുർമീത് അനുസരിക്കുന്നുണ്ട്. ജയിൽ ഭക്ഷണം ഒരു മടിയും കൂടാതെ കഴിക്കുകയും തനിക്ക് നൽകുന്ന ചെറിയ ജോലികൾ കൃത്യമായി ചെയ്യുന്നുമുണ്ടെന്ന് ജയിൽ ഡയറക്ടർ ജനറൽ പറഞ്ഞു. ജയിലിലെ ജീവിതത്തോട് ഗുർമീത് പൊരുത്തപ്പെട്ടു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക സുരക്ഷയുളള സെല്ലിലാണ് ഗുർമീതിനെ പാർപ്പിച്ചിരിക്കുന്നത്. 8647-ാം തടവുപുളളിയാണ്. രണ്ടു കഷ്ണം ബ്രഡും ഒരു ഗ്ലാസ് പാലുമാണ് ഗുർമീതിന്റെ പ്രഭാത ഭക്ഷണം. അതിനുശേഷം അദ്ദേഹത്തിന്റെ സെല്ലിനോട് ചേർന്നുളള കൃഷിയിടത്തിൽ അഞ്ചു മണിക്കൂർ പണിയെടുക്കും. പച്ചക്കറികൾക്ക് വെളളം നനയ്ക്കുക, കൃഷിത്തടം ഒരുക്കുക തുടങ്ങിയ ജോലികൾ ചെയ്യും. ഒരു ദിവസം 20 രൂപയാണ് ഗുർമീതിന്റെ കൂലി. ജയിൽ നിയമപ്രകാരം ഗുർമീതിന്റെ കുടുംബത്തിന് പ്രതിമാസം 5,000 രൂപ അദ്ദേഹത്തിന്റെ ചെലവിനായി നൽകാം. ഈ തുക ഉപയോഗിച്ച് ഗുർമീതിന് ജയിലിനകത്തെ ഷോപ്പിൽ നിന്നും കഴിക്കാനുളള ഭക്ഷണപദാർഥങ്ങൾ വാങ്ങാം.
ഉച്ചയ്ക്ക് ഏഴു ചപ്പാത്തിയും ദാലുമാണ് ഭക്ഷണം. രാത്രിയിൽ ഏഴു ചപ്പാത്തിയും വെജിറ്റബിൾ കറിയും. ഇതിനുപുറമേ കാന്റിനിൽനിന്നും പഴവർഗ്ഗങ്ങളും ഗുർമീത് വാങ്ങിക്കുന്നുണ്ട്. ഗുർമീത് ആവശ്യപ്പെട്ടതുപ്രകാരം ഭഗവദ് ഗീത അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ഗുർമീതിനെ സന്ദർശിക്കാനെത്തിയപ്പോൾ അദ്ദേഹത്തിന്റെ അമ്മ രണ്ടു ദേര പുസ്തകം നൽകിയിരുന്നു. സെല്ലിനകത്ത് ഇരുന്ന് ഈ പുസ്തകങ്ങൾ ഗുർമീത് വായിക്കാറുണ്ടെന്നും ജയിൽ ഡയറക്ടർ ജനറൽ പറഞ്ഞു.