ചണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലിലുള്ള ദേരാ സച്ച സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ഝാജറിലെ ആശ്രമത്തില്‍ മോഷണം നടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളും മോഷ്ടിക്കപ്പെട്ടു. ഗുര്‍മീത് ജയിലിലായതോടെ അനുയായികള്‍ ഒഴിഞ്ഞുപോയ ആശ്രമത്തിലാണു മോഷണം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ആശ്രമത്തിലെ ഭക്തനായ ജയപാല്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദിവസവും രാവിലെയും വൈകിട്ടും ജയപാല്‍ ഇവിടെ വന്നു നോക്കാറുണ്ടായിരുന്നു. ഇതനുസരിച്ച് ഇന്നു രാവിലെ ആശ്രമത്തില്‍ എത്തിയപ്പോഴാണു വാതിലുകളും ജനലുകളുമെല്ലാം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആശ്രമത്തിലെത്തുന്ന വിവിഐപികൾക്കായി പ്രത്യേകം ഒരുക്കിയ മുറികളിലാണ് മോഷണം നടന്നത്. ഇന്‍വര്‍ട്ടര്‍, അതിന്റെ രണ്ടു ബാറ്ററികള്‍, കംപ്യൂട്ടര്‍ മോണിറ്റര്‍, നാലു സിസിടിവി ക്യാമറകള്‍, ആംപ്ലിഫയര്‍, കിടക്കകള്‍, വസ്ത്രം, ചെരുപ്പുകള്‍ തുടങ്ങിയവയാണു പ്രധാനമായും കവര്‍ന്നത്. ആശ്രമത്തിലെ അനുയായികള്‍ക്കു പ്രാര്‍ഥിക്കാനായാണ് ഗുര്‍മീതിന്റെ വസ്ത്രങ്ങളും പാദരക്ഷകളും സൂക്ഷിച്ചിരുന്നത്.