ചണ്ഡിഗഢ്: ബലാത്സംഗ കേസുകളില്‍ കോടതി 20 വര്‍ഷം തടവുശിക്ഷ വിധിച്ച വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് കഴിഞ്ഞ ദിവസം രാത്രി ഭക്ഷണമൊന്നും കഴിച്ചില്ല. റോത്തക്കിലെ സുനാരിയ ജയിലില്‍ കഴിയുന്ന അദ്ദേഹം അത്താഴം കഴിക്കാതെ വെളളം മാത്രമാണ് കുടിച്ചതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെ ഒരു ഗ്ലാസ് പാല്‍ കുടിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.

50കാരനായ ആള്‍ദൈവം രാത്രി മുഴുവന്‍ ജയിലിലെ സെല്ലിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. ആരോടും സംസാരിക്കാനും അദ്ദേഹം തയാറായില്ല. ആശ്രമത്തിലെ ശിഷ്യയെ ബലാത്സംഗം ചെയ്ത കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെത്തി​യതോടെയാണ് ദേ​ര സ​ച്ചാ സൗ​ദാ തലവനെ സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ശിക്ഷിച്ചത്. രണ്ട് ബലാത്സംഗ കേസുകളിലായി പത്ത് വര്‍ഷം വീതം ആകെ 20 വര്‍ഷം കഠിന തടവ് ശിക്ഷയാണ് ഗു​ർ​മീ​തിന് വിധിച്ചത്. കൂടാതെ ഗുര്‍മീത് 30 ലക്ഷം രൂപ പിഴയായി അടക്കണമെന്നും കോടതി നിര്‍ദേശിച്ചു. 15 ലക്ഷം രൂപ വീതം ഇരകള്‍ക്ക് നല്‍കണം.

ഗുർമീത് കുറ്റക്കാരനാണെന്നു വിധിച്ച കഴിഞ്ഞ വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ആളിക്കത്തിയ കലാപം ശിക്ഷാ വിധിയോടെ മൂർധന്യത്തിലെത്തിയേക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളിൽ മരണസംഖ്യ 38 ആയി ഉയർന്നിരുന്നു. ദേര അനുയായികളുടെ അക്രമം രാജ്യതലസ്ഥാന നഗരിയിലേക്കു പടരാതിരിക്കാൻ സുരക്ഷാ സേനാ പരിശ്രമിച്ചതാണ് കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാവാതിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook