ന്യൂഡൽഹി: മാധ്യമപ്രവര്ത്തകന് രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ സ്വയം പ്രഖ്യാപിത ആള് ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് ജീവപര്യന്തം തടവ് ശിക്ഷ. പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. റാം റഹീമിന്റെ കൂട്ടാളികളായ മറ്റു മൂന്ന് പേർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
കേസില്‍ നാല് പേരും കുറ്റക്കാര്‍ ആണെന്ന് ഹരിയാന പഞ്ച്കുല സിബിഐ കോടതി ജനുവരി 11ന് കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി വിധി പ്രസ്താവിച്ചത്.
മാധ്യമപ്രവര്‍ത്തകനായ ഛത്രപതിയെ ഗുര്‍മീത് വെടിവച്ചത് 2002 നവംബര്‍ രണ്ടിനാണ്. സിര്‍സയിൽ ഗുർമീതിന്റെ അസ്ഥാനമായ ദേരാ സച്ചാ സൗദയിൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി ഛത്രപതി റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ പത്രമായ പൂരാ സച്ചിലൂടെയായിരുന്നു ഇക്കാര്യം ഛത്രപതി വെളിപ്പെടുത്തിയത്.
ഇതിന് പിന്നാലെയാണ് ഗുര്‍മീത് റാം റഹീം, ഛത്രപതിയെ വെടിവച്ച് കൊന്നത്. വെടിയേറ്റ ഛത്രപതി ആഴ്ചകളോളം ചികിത്സയിൽ കഴിഞ്ഞ ശേഷം 2003 ലാണ് മരിച്ചത്. പൊലീസ് അന്വേഷിച്ച കേസ്, 2006ല്‍ കേസ് സിബിഐയ്ക്ക് കൈമാറി.
രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹീം സിങ് ഇപ്പോൾ ഹരിയാനയിലെ സുനരിയ ജയിലിൽ കഴിയുകയാണ്. ഈ കേസിൽ 2017ല്‍ പഞ്ച്കുല കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിൽ 40ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്.