പഞ്ച്കുല: ദേരാ സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങ് കുറ്റാരോപിതനായ രണ്ടു കൊലപാതക കേസുകളില്‍ ഇന്ന് കോടതിയില്‍ നിര്‍ണായ വാദം നടക്കും. ഇതേതുടര്‍ന്ന് പോലീസ് പഞ്ച്കുലയില്‍ സുരക്ഷ ശക്തമാക്കി.
ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗുര്‍മീതിനെ ഇന്ന് കോടതിയില്‍ ഹാജരാക്കില്ല. റോഹ്തകിലെ ജയിലില്‍ കഴിയുന്ന ഗുര്‍മീതിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിചാരണ ചെയ്യുക.
2002ല്‍ മാധ്യമപ്രവര്‍ത്തകനായ രാം ചന്ദര്‍ ഛത്രപതി, ഡേരാ മുന്‍ മാനേജറായിരുന്ന രജ്ഞിത് സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് പ്രത്യേക സിബിഐ കോടതിയില്‍ വാദം നടക്കുന്നത്. ഇതേ കോടതിയാണ് ഓഗസ്റ്റ് 25ന് ബലാത്സംഗ കേസുകളില്‍ ഗുര്‍മീതിനെ ശിക്ഷിച്ചത്. കോടതി വിധിയെ തുടര്‍ന്ന് ഗുര്‍മീതിന്റെ അനുയായികള്‍ ഹരിയാനയിലും സമീപ സംസ്ഥാനങ്ങളിലും കലാപം അഴിച്ചുവിട്ടിരുന്നു.
പഞ്ച്കുലയിലെ സിബിഐ കോടതിക്ക് ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്ന് ഹരിയാന ഡിജിപി ബി.എസ്.സന്ധു പറഞ്ഞു.