ന്യൂഡൽഹി: ബലാത്സംഗ കേസിൽ ദേര സച്ച സൗദ തലവൻ ഗുർമീത് രാം റഹിം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ഹരിയാനയിൽ വ്യാപക ആക്രമണം. കോടതിക്ക് പരിസരത്ത് തമ്പടിച്ച ഗൂർമീതിന്റെ അണികൾ വിധി അറിഞ്ഞതോടെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പെട്രോൾ പമ്പിനും റെയിൽവേ സ്റ്റേഷനും അണികൾ തീയിട്ടു. വിവിധ ഇടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 30 പേർ ഇതുവരെ കൊല്ലപ്പെട്ടു. 100 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ സുരക്ഷ സൈന്യം ഏറ്റെടുത്തു.

നിയമം കൈയിലെടുക്കുന്നവരെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വ്യക്തമാക്കി. അക്രമം നടത്തുന്നത് വലിയ വിഭാഗം ആള്‍ക്കൂട്ടമാണെന്നും വേണ്ട സജ്ഝീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷം 4 സംസ്ഥാനങ്ങളിലേക്ക്കൂടി വ്യാപിച്ചിരിക്കുകയാണ്. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്,ദില്ലി എന്നിവിടങ്ങിളിലാണ് ഗൂർമീത് അനുകൂലികൾ ആക്രമം അഴിച്ചു വിടുന്നത്. ഇതോടെ തലസ്ഥാനത്ത് 11 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്ക് നേരെയും പൊലീസിന് നേരെയുമാണ് പ്രധാനമായും ആക്രമണം. ഇതിനിടെ ഗൂർമീതിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു. ആക്രമണങ്ങളിൽ ഉണ്ടായ നാശനഷ്ടം ഇതിൽ നിന്നും ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ഗുർമീതിനെ ഹെലികോപ്റ്റർ മാർഗം റോത്തഖിലേ ജയിലിലേക്ക് എത്തിച്ചു. റോഡ് മാർഗം ഗൂർമീതിനെ കൊണ്ടുപോയാൽ കൂടുതൽ സംഘർഷം ഉണ്ടാകുമെന്നുള്ള സൂചനയേ തുടർന്നാണ് ഹെലികോപ്ടർ മാർഗം സ്വീകരിച്ചത്. രാജ്യ തലസ്ഥാനത്തേക്കും ആക്രമണം വ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ അതിർത്തി മേഖലയിൽ 2 തീവണ്ടി കോച്ചുകൾക്ക് തീയിട്ടു എന്ന റിപ്പോർട്ടുകൾ ഉണ്ട്.

സർക്കാർ ഓഫീസുകൾക്ക് എതിരെയും മാധ്യമപ്രവർത്തകർക്ക് എതിരെയും ഗുർമീതിന്റെ അണികൾ ആക്രമണം അഴിച്ച് വിടുകയാണ്. സംഘർഷം ഹരിയാനയിലേക്കും പടർന്നിട്ടുണ്ട്. പഞ്ചകുലയിൽ പോലീസ് വാഹനങ്ങളും മീഡിയ വാഹനങ്ങളും അനുയായികൾ തല്ലിത്തകർത്തു. മാധ്യമ പ്രവർത്തകർക്കുനേരെയും പോലീസിനു നേരെയും കല്ലേറുണ്ടായി. ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് ഒ ബി വാനുകളാണ് പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയത്. നിരവധി കാറുകളും ബൈക്കുകളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. പ്രദേശത്തെ ഒരു പെട്രോൾ പന്പും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയെന്നാണ് പ്രഥമിക വിവരം.

പ്രത്യേക സി.ബി.ഐ കോടതിയാണ് തലവൻ ഗുർമീത് രാം റഹിം കുറ്റക്കാരനാണെന്ന് വിധിച്ചത്. നൂറോളം കാറുകളുടെയും ആയുധധാരികളായ അംഗരക്ഷകരുടെയും അകമ്പടിയോടൊപ്പമാണ് ഗുർമീത് കോടതിയിലെത്തിയത്. ആഗസ്റ്റ് 28നാണ് ഗുര്‍മീതിനെതിരായ ശിക്ഷ വിധിക്കുക. ഗുര്‍മീതിനെ സൈന്യം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും. അദ്ദേഹത്തെ ചന്ദി മന്ദിര്‍ സൈനിക സ്റ്റേഷനിലേക്കാണ് കൊണ്ടുപോവുക.

പഞ്ച്കുല കോടതിക്ക് മുൻവശത്ത് തടിച്ചുകൂടിയ റാം റഹിം അനുയായികള്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. സൈന്യത്തിന് നേരെ കല്ലേറ് നടത്തിയ അനുയായികള്‍ ഒരു ഒബി വാനും അക്രമികള്‍ തല്ലിത്തകര്‍ത്തു. തുടര്‍ന്ന് പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. ഹരിയാനയില്‍ അങ്ങിങ്ങായി സംഘര്‍ഷം വ്യാപിച്ചതായാണ് വിവരം.റെയില്‍വെ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും തീയിട്ടതായാണ് വിവരം. തുടര്‍ന്ന് രാജ്യതലസ്ഥാനത്തും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

റാം റഹീമിന്റെ 10 ലക്ഷത്തോളം അനുയായികള്‍ ഇതുവരെ പഞ്ച്കുലയിലെത്തിയിട്ടുണ്ടെന്നും 15-20 ലക്ഷത്തോളമാളുകള്‍ ഇനിയുമെത്തുമെന്നും ദേരാ സച്ചാ സൗദാ വക്താവ് ആദിത്യ ഇന്‍സന്‍ അറിയിച്ചു. വിധി പ്രതീകൂലമായ സാഹചര്യത്തില്‍ ഹരിയാനയിലെ സുരക്ഷ ത്രിശങ്കുവിലായി.

ഇതോടെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ കലാപം ഉടലെടുക്കാനുള്ള സാധ്യതകളാണ് ഉള്ളത്. ഇതേ തുടർന്ന് ഹരിയാനയിലെ പഞ്ച്കുലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമസാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. വന്‍ സുരക്ഷാസന്നാഹങ്ങളാണ് പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.72 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിന് പിന്നാലെ ഹരിയാനയിലുടനീളം വൈദ്യുതിയും മുടങ്ങി. 72 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

രണ്ട് സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 2002 ലാണ് അനുയായികളായ രണ്ട് പേരെ ബലാത്സംഗത്തിന് വിധേയരാക്കിയെന്ന കേസിൽ റാം റഹിമിനെതിരെ കേസെടുക്കാൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ സിബിഐയോട് ആവശ്യപ്പെട്ടത്.

റാം ചന്ദർ ഛത്രപതിയെന്ന മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും റാം റഹിം വിചാരണ നേരിടുന്നുണ്ട്. ഇന്നലെ മാത്രം റാം റഹിമിൻ്റെ സെക്ടർ 23 ലെ പ്രാർത്ഥനാ കേന്ദ്രമായ നാം ചർച്ച ഘറിൽ രണ്ട് ലക്ഷത്തിലധികം പേർ തടിച്ചുകൂടിയെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ