ന്യൂഡല്‍ഹി: ദേരാ സച്ഛാ സൗദ തലവനും ആള് ദൈവവുമായ ഗുര്‍മീത് റാം റഹിം സിംഗിനെ കുറ്റക്കാരനെന്നു വിധിച്ച സിപിഐ പ്രത്യേക കോടതി ജഡ്ജി ജഗദീപ് സിംഗിന് കനത്ത സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഹരിയാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. സിആര്‍പിഎഫ്, സിഐഎസ്എഫ് തുടങ്ങിയ കേന്ദ്ര സുരക്ഷാ ഏജന്‍സികളെ ചുമതല ഏല്‍പ്പിക്കണോ എന്ന് രഹസ്യാന്വേഷണ സൂചനകള്‍ വിലയിരുത്തിയതിനു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്തിമ തീരുമാനം എടുക്കും.
തിങ്കളാഴ്ചയാണ് ഗുര്‍മീതിന് ശിക്ഷ വിധിക്കുന്നത്. 2000ത്തില്‍ പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടിയ ജഗ്ദീപ് സിംഗ് ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിനു മുമ്പ് പഞ്ചാബ്-ഹരിയാന കോടതികളില്‍ അഭിഭാഷകനായി സേവനം അനുഷ്ഠിച്ചിരുന്നു. സിവില്‍, ക്രിമിനല്‍ കേസുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
അഡീഷണല്‍ ജില്ലാ ജഡ്ജി ആയിരുന്ന ജഗദീപ് സിംഗ് കഴിഞ്ഞ വര്‍ഷമാണ് സിബിഐ കോടതി ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്.