ഗുഡ്ഗാവ്: ഗൺമാന്റെ വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജഡ്ജിയുടെ ഭാര്യ മരിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മകന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഗുഡ്‌ഗാവിലെ അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്‌ജിയായ കിഷൻ കാന്ത് ശർമ്മയുടെ ഭാര്യ റിതു (38), മകൻ ധ്രുവ് എന്നിവരെയാണ് ജഡ്‌ജിയുടെ ഗൺമാൻ വെടിവച്ചത്.
49-ാം സിറ്റി സെക്ടറിൽ യൂണിടെക് അർക്കാഡിയക്കടുത്ത് വച്ച് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കാർ നിർത്തിയ ശേഷം പച്ചക്കറി വാങ്ങാൻ പോയി തിരികെ കാറിലേക്ക് മടങ്ങിവരുമ്പോഴാണ് ഗൺമാൻ മഹിപാൽ ആക്രമിച്ചത്. ആദ്യം അമ്മയെയും പിന്നീട് മകനെയുമാണ് വെടിവച്ചത്. പരുക്കേറ്റ് ബോധരഹിതനായി വീണ മകനെ കാറിലേക്ക് കയറ്റാൻ മഹിപാൽ ശ്രമിച്ചു. എന്നാൽ ഇത് സാധിക്കാതെ വന്നതോടെ മഹിപാൽ കാർ ഓടിച്ച് പോവുകയായിരുന്നു.
ഒന്നര വർഷമായി കിഷൻ കാന്ത് ശർമ്മയുടെ സുരക്ഷ ചുമതലയിലുളളയാളാണ് 32 കാരനായ ഗൺമാൻ മഹിപാൽ.