ന്യൂഡൽഹി: ആൾക്കൂട്ടം നോക്കിനിൽക്കെ രാജ്യതലസ്ഥാനത്തിനടുത്ത് ഗുഡ്‌ഗാവിൽ സെഷൻസ് ജഡ്ജിയുടെ ഭാര്യയ്ക്കും മകനും വെടിയേറ്റു. ജഡ്‌ജിയുടെ ഗൺമാനാണ് വെടിയുതിർത്തത്. ഇരുവരെയും വെടിവച്ചിട്ട ശേഷം ഇയാൾ ഓടിയൊളിച്ചെങ്കിലും പിന്നീട് പൊലീസ് പിടിയിലായി.

49ാം സിറ്റി സെക്ടറിൽ യൂണിടെക് അർക്കാഡിയക്കടുത്ത് വച്ച് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഗുഡ്‌ഗാവിലെ അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്‌ജിയായ കിഷൻ കാന്ത് ശർമ്മയുടെ ഭാര്യയും മകനുമാണ് ആക്രമണത്തിന് ഇരയായത്. ഒന്നര വർഷമായി കിഷൻ കാന്ത് ശർമ്മയുടെ സുരക്ഷ ചുമതലയിലുളളയാളാണ് 32 കാരനായ ഗൺമാൻ മഹിപാൽ.

കിഷൻ കാന്ത് ശർമ്മയുടെ ഭാര്യ റിതു (38), മകൻ ധ്രുവ് എന്നിവർക്കാണ് വെടിയേറ്റത്.

കാർ നിർത്തിയ ശേഷം പച്ചക്കറി വാങ്ങാൻ പോയി തിരികെ കാറിലേക്ക് മടങ്ങിവരുമ്പോഴാണ് ഗൺമാൻ ആക്രമിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വെടിയേറ്റവരെ ആദ്യം പാർക് ഹോസ്പിറ്റലിലും പിന്നീട് മേദാന്ത മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു.

ആദ്യം അമ്മയെയും പിന്നീട് മകനെയുമാണ് മഹിപാൽ വെടിവച്ചത്. പിന്നീട് പരിക്കേറ്റ് ബോധരഹിതനായി വീണ മകനെ കാറിലേക്ക് കയറ്റാൻ മഹിപാൽ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത് സാധിക്കാതെ വന്നതോടെ മഹിപാൽ കാർ ഓടിച്ച് പോവുകയായിരുന്നു.

ഇതിനിടെ ജഡ്ജിനെ വിളിച്ച് ഭാര്യയെയും മകനെയും വെടിവച്ച കാര്യം ഇയാൾ പറയുകയും ചെയ്തു. “ഞാൻ നിന്റെ ഭാര്യയെയും മകനെയും വെടിവച്ചു” എന്നാണ് മഹിപാൽ പറഞ്ഞത്.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ