ഗുഡ്‌ഗാവ്: ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാത്സംഗ കേസ്. 19 കാരിയായ കൗമാരക്കാരിയാണ് ഓട്ടോ റിക്ഷാ ഡ്രൈവറടക്കം അഞ്ച് പേരുടെ ക്രൂരതയ്ക്ക് ഇരയായത്. ചൊവ്വാഴ്ച രാത്രിയാണ് അലിഗഡിൽ സംഭവം നടന്നത്. ബുധനാഴ്ച തന്നെ പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

അലിഗഡിൽ സോഹ്‌ന ബസ് സ്റ്റാന്റിൽ പെൺകുട്ടി ബസ് കാത്ത് നിന്ന സമയത്ത് ഇവിടെ എത്തിയ ഓട്ടോ ഡ്രൈവർ ഇവരെ തെറ്റിദ്ധരിപ്പിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നുവെന്നാണ് മൊഴി. അലിഗഡിലേക്കുളള ബസുകൾ വരുന്ന സ്റ്റാന്റ് ഇതല്ലെന്ന് പറഞ്ഞാണ് തന്നെ ഓട്ടോ ഡ്രൈവർ വാഹനത്തിൽ കൂട്ടിക്കൊണ്ട് പോയതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

ഗുഡ്‌ഗാവ് ബസ് സ്റ്റാന്റിലേക്ക് പെൺകുട്ടിയെ എത്തിക്കാമെന്ന ഉറപ്പിലാണ് ഇവരെ കൂട്ടിക്കൊണ്ടുപോയത്. എന്നാൽ പാതിവഴി പിന്നിട്ടപ്പോൾ റൈസീനയിലേക്ക് പോകുന്ന ഒറ്റപ്പെട്ട പാതയിലേക്ക് ഓട്ടോ തിരിക്കുകയും പിന്നീട് ഇവിടെ ഒറ്റപ്പെട്ട സ്ഥലത്ത് വച്ച് അഞ്ച് പേർ ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു.

ചെറുത്തുനിന്നപ്പോൾ തന്റെ വായിലേക്ക് എന്തോ ദ്രാവകം ഒഴിച്ചെന്നും പിന്നീട് തനിക്ക് ബോധം നഷ്ടപ്പെട്ടെന്നും പെൺകുട്ടി മൊഴിയിൽ പറയുന്നു. ബോധം തിരികെ ലഭിച്ചപ്പോഴേക്കും സമീപത്ത് ആരുമുണ്ടായിരുന്നില്ലെന്നാണ് പെൺകുട്ടി പറഞ്ഞത്.

വീട്ടിലെത്തിയ പെൺകുട്ടി കുടുംബാംഗങ്ങളെ വിവരം ധരിപ്പിക്കുകയും പിന്നീട് പൊലീസിനെ സമീപിക്കുകയുമായിരുന്നു. പൊലീസ് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ആകാശ് എന്നാണ് ഒരാളുടെ പേരെന്ന് പെൺകുട്ടി മൊഴിയിൽ പറയുന്നു. ഓട്ടോറിക്ഷയുടെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ