ടെക്സസ്: അമേരിക്കയിലെ ടെക്സസിലെ റോബ് എലമെന്ററി സ്കൂളിലുണ്ടായ വെടിവയ്പില്‍ 21 പേര് കൊല്ലപ്പെട്ടു. 19 കുട്ടികളും രണ്ട് മുതിര്‍ന്നവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സാന്‍ അന്റോണിയോ സ്വദേശിയായ 18 വയസ്സുകാരന് സാല്‍വദോര്‍ റമോസാണ് അക്രമം നടത്തിയതെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അറിയിച്ചു. ഏറ്റുമുട്ടലില്‍ സാല്‍വദോറിനെ പൊലീസ് കൊലപ്പെടുത്തി. രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
ആക്രമി ഒറ്റയ്ക്കായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 14 വിദ്യാര്‍ഥികളും സ്കൂളിലെ ഒരു സ്റ്റാഫും കൊല്ലപ്പെട്ടെന്നായിരുന്നു ഗ്രെഗ് അബോട്ട് ആദ്യം പുറത്ത് വിട്ട വിവരം. എന്നാല്‍ ടെക്സസ് സെനറ്റര്‍ റോളണ്ട് ഗുറ്റിറസാണ് മരണം 21 ആയി ഉയര്‍ന്നതായി സ്ഥിരീകരിച്ചത്. സിഎന്‍എന്നിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ കഴിഞ്ഞ വാരത്തിലാണ് 10 പേര് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലായാണിപ്പോള് ടെക്സസിലെ ആക്രമണം. അമേരിക്കയില്‍ ഇപ്പോള്‍ ഇത് പതിവ് കാഴ്ചയായിരിക്കുകയാണ്. വെടിവച്ച യുവാവിന്റെ സ്വദേശമായ സാന്‍ അന്റണിയോയില് നിന്ന് 80 മൈലകലയാണ് സ്കൂള്‍. തന്റെ വാഹനം ഉപേക്ഷിച്ചതിന് ശേഷമാണ് കൊലപാതകി സ്കൂളിനുള്ളില്‍ കടന്നതെന്നാണ് നിഗമനം.
സാല്‍വദോര്‍ തന്റെ മുത്തശിയെ വെടിവച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് സ്കൂളിലേക്കെത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂട്ടക്കൊലപാതകങ്ങള്ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ആഹ്വാനം ചെയ്തു.
Also Read: ആന്ധ്രയില്‍ ജില്ലയ്ക്ക് അംബേദ്കറുടെ പേരിടുന്നതിനെച്ചൊല്ലി സംഘര്‍ഷം; എംഎല്‍എയുടെ വീടിന് തീവച്ചു