scorecardresearch

രൂക്ഷമായ വെടിവെപ്പിൽ ഞെട്ടി വിറച്ച് ചിൻ പ്രദേശം,മ്യാന്മറിൽ നിന്ന് 2,000 പേർ ഇന്ത്യയിലേക്ക് കടന്നു

ഇന്ത്യൻ അതിർത്തിക്കടുത്തുള്ള മ്യാന്മാറിലെ വടക്കൻ പ്രദേശമായ ചിൻ സ്റ്റേറ്റിലെ ഖൗമാവിയിലും റിഹ്ഖൗദറിലുമുള്ള രണ്ട് സൈനിക താവളങ്ങൾ പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് പി ഡി എഫ് ആക്രമിച്ചതിനെ തുടർന്നാണ് പോരാട്ടം ആരംഭിച്ചത്

ഇന്ത്യൻ അതിർത്തിക്കടുത്തുള്ള മ്യാന്മാറിലെ വടക്കൻ പ്രദേശമായ ചിൻ സ്റ്റേറ്റിലെ ഖൗമാവിയിലും റിഹ്ഖൗദറിലുമുള്ള രണ്ട് സൈനിക താവളങ്ങൾ പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് പി ഡി എഫ് ആക്രമിച്ചതിനെ തുടർന്നാണ് പോരാട്ടം ആരംഭിച്ചത്

author-image
WebDesk
New Update
Myanmar Refugee Influx, Mizoram

മ്യാന്മറിൽ നിന്നുള്ള 6,000-ത്തിലധികം ആളുകൾ വെടിവയ്പ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മിസോറാമിലെ സോഖാവ്തറിൽ താമസിക്കുന്നുണ്ട്

അയൽരാജ്യമായ മ്യാന്മാറിലെ വടക്കൻ പ്രദേശത്തെ ചിൻ സംസ്ഥാനത്തെ തീവ്രമായ വെടിവെപ്പിന് ശേഷം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,000 മ്യാൻമർ പൗരന്മാർ മിസോറാമിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് പ്രവേശിച്ചതായി ഒരു ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു.

Advertisment

ഞായറാഴ്ച വൈകുന്നേരം മ്യാന്മാറിൽ ഭരണത്തിലിരിക്കുന്ന സൈനിക കൗൺസിലും മിലിഷ്യ ഗ്രൂപ്പായ പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സും (പിഡിഎഫ്) തമ്മിൽ അതിരൂക്ഷമായ  വെടിവയ്പുണ്ടായതായി  മ്യാന്മാറിന്റെ ചിൻ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ചമ്പായി ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) ജെയിംസ് ലാൽറിഞ്ചാന പിടിഐയോട് പറഞ്ഞു.

ഇന്ത്യൻ അതിർത്തിക്കടുത്തുള്ള ചിൻ സ്റ്റേറ്റിലെ ഖൗമാവിയിലും റിഹ്ഖൗദറിലുമുള്ള രണ്ട് സൈനിക താവളങ്ങൾ പി ഡി എഫ് (PDF) ആക്രമിച്ചതിന് പിന്നാലെയാണ്  പോരാട്ടം ആരംഭിച്ചത്, തിങ്കളാഴ്ച വരെ വെടിവെയ്പ്  തുടർന്നതായി അദ്ദേഹം പറഞ്ഞു.

ഖൗമാവി, റിഹ്ഖാവ്ദർ, ചിന്നിലെ അയൽ ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള 2,000-ലധികം ആളുകൾ വെടിവയ്പ്പിനെത്തുടർന്ന് ഇന്ത്യയിലേക്ക് കടന്ന് ചമ്പായി ജില്ലയിലെ സോഖാവ്തറിൽ അഭയം പ്രാപിച്ചതായി ലാൽറിഞ്ചാന പറഞ്ഞു.

Advertisment

തിങ്കളാഴ്ച പുലർച്ചെയാണ് മ്യാൻമർ സൈനിക താവളമായ റിഹ്ഖൗദറും ഉച്ചയ്ക്ക് ശേഷം ഖൗമാവിയിലെ താവളത്തിലെ നിയന്ത്രണവും  സായുധ ഗ്രൂപ്പായ പി ഡി എഫ് ഏറ്റെടുത്തു.

ഇതിന് പ്രത്യാക്രമണമായി  മ്യാൻമർ സൈന്യം തിങ്കളാഴ്ച ഖവിമാവി, റിഹ്ഖാവ്ദർ ഗ്രാമങ്ങളിൽ വ്യോമാക്രമണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

വെടിവെപ്പിൽ പരിക്കേറ്റ 17 പേരെ ചികിൽസയ്ക്കായി ചമ്പൈയിൽ എത്തിച്ചു. അതിർത്തിയുടെ മറുവശത്ത് വെടിവയ്പ്പ് നടക്കുമ്പോൾ നേരത്തെ  സോഖാവ്തറിൽ താമസിച്ചിരുന്ന മ്യാന്മറിൽ നിന്നുള്ള 51 കാരനായ പൗരൻ  മരിച്ചുവെന്ന് ലാൽറിഞ്ചാന പറഞ്ഞു.

അതിർത്തിക്കപ്പുറത്ത് നിന്നുള്ള ലക്ഷ്യം തെറ്റിയ വെടിയുണ്ടയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തതെന്ന്  പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു.

പിഡിഎഫിന്റെ ഭാഗമായിരുന്ന ചിൻ നാഷണൽ ആർമിയുടെ (സിഎൻഎ) അഞ്ച് സൈനികർ വെടിവെപ്പിൽ കൊല്ലപ്പെട്ടതായി സോഖാവ്ത്തർ വില്ലേജ് കൗൺസിൽ പ്രസിഡന്റ് ലാൽമുആൻപുയ പിടിഐയോട് പറഞ്ഞു.

മ്യാന്മറിൽ നിന്നുള്ള 6,000-ത്തിലധികം ആളുകൾ വെടിവയ്പ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ സോഖാവ്തറിൽ താമസിച്ചിരുന്നതായി ലാൽമുആൻപുയ പറഞ്ഞു.

മിസോറാമിലെ ആറ് ജില്ലകൾ - ചമ്പായി, സിയാഹ, ലോങ്‌ട്‌ലായ്, സെർച്ചിപ്പ്, ഹ്നഹ്തിയാൽ, സെയ്തുവൽ - മ്യാന്മറിലെ ചിൻ സംസ്ഥാനവുമായി 510 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി പങ്കിടുന്നു.

ഫെബ്രുവരി 2021 ൽ  ജുണ്ട അധികാരം പിടിച്ചെടുത്തപ്പോഴാണ് മ്യാന്മറിൽ  നിന്നുള്ള ആദ്യത്തെ കുത്തൊഴുക്ക് നടന്നത്. അതിനുശേഷം, മ്യാൻമറിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ ഈ വടക്കുകിഴക്കൻ സംസ്ഥാനത്ത് അഭയം പ്രാപിച്ചു.

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ പ്രകാരം 31,364 മ്യാന്മർ പൗരന്മാരാണ് ഇപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പുകളിലാണ് താമസിക്കുന്നത്, മറ്റുള്ളവർ മിസോറാമിലെ അവരുടെ  ബന്ധുക്കൾക്കൊപ്പവും ചിലർ വാടക വീടുകളിലും താമസിക്കുന്നു. മിസോറാമിൽ അഭയം പ്രാപിക്കുന്ന മ്യാന്മർ പൗരന്മാർ മിസോകളുമായി വംശീയ ബന്ധം പങ്കിടുന്ന ചിൻ സമുദായത്തിൽ നിന്നുള്ളവരാണ്.

Refugee Myanmar Mizoram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: