കൊടൈക്കനാൽ: പ്രസിദ്ധമായ ‘ഗുണ ഗുഹ’ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നു. 10 വർഷങ്ങൾക്കുശേഷമാണ് വിനോദ സഞ്ചാരികളെ ഗുണ ഗുഹ കാണാനായി അനുവദിക്കുന്നത്. വിനോദ സഞ്ചാരികളുടെ ദീർഘ നാളത്തെ ആവശ്യത്തെത്തുടർന്നാണ് വനം വകുപ്പിന്റെ നടപടി.

കൊടൈക്കനാലിൽനിന്നും 12 കിലോമീറ്റർ അകലെയായാണ് ‘ഗുണ ഗുഹ’ സ്ഥിതി ചെയ്യുന്നത്. 1991 ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ‘ഗുണ’ ഷൂട്ട് ചെയ്തത് ഇവിടെ വച്ചായിരുന്നു. ചിത്രത്തിലെ ‘കൺമണി അൻപോട് കാതലൻ’ എന്ന ഗാനം ചിത്രീകരിച്ചത് ഇവിടുത്തെ ഗുഹയ്ക്കുളളിൽവച്ചാണ്. ഇതിനുശേഷമാണ് ഇവിടം ‘ഗുണ ഗുഹ’ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. കൊടൈക്കനാലിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിലൊന്നായിരുന്നു ഈ പ്രദേശം. എന്നാൽ നിരവധി കമിതാക്കൾ ഇവിടെയെത്തി ആത്മഹത്യ ചെയ്തതോടെ വനം വകുപ്പ് വിനോദ സഞ്ചാരികളുടെ പ്രവേശനത്തെ തടഞ്ഞു. 10 വർഷത്തോളമായി ഇവിടെ വിനോദ സഞ്ചാരികൾക്ക് പ്രവേശനാനുമതി നിഷേധിച്ചിട്ട്.

ഗുണ ഗുഹയിലേക്ക് പ്രവേശനാനുമതി നൽകണമെന്ന് ഏറെ നാളായി വിനോദി സഞ്ചാരികൾ ആവശ്യപ്പെടുന്നുണ്ട്. സഞ്ചാരികളുടെ ആവശ്യം പരിഗണിച്ച് ഗുഹ തുറന്നു കൊടുക്കാനുളള നീക്കത്തിലാണ് വനം വകുപ്പ്. ഇതിനു മുൻപായി വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകൾ വനം വകുപ്പ് എടുത്തിട്ടുണ്ട്. ഗുഹയ്ക്കുളളിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശിക്കാൻ അനുമതിയില്ല. പുറത്തുനിന്നു കാണാനേ സാധിക്കൂ. ഗുഹയുടെ ചില ഭാഗങ്ങളിൽ വെളിച്ചം കടന്നുചെല്ലില്ല. അതിനാൽതന്നെ ആളുകൾ അപകടത്തിൽപ്പെടാനും സാധ്യത കൂടുതലാണ്. ഇതു കണക്കിലെടുത്താണ് അകത്തേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാത്തത്. ഗുഹയ്ക്കുളളിൽവച്ച് കാണാതായ 16 പേരെക്കുറിച്ചുളള ഒരു വിവരവും ഇപ്പോഴും ലഭ്യമല്ലെന്നാണ് റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook