ബെംഗളൂരു: പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വധിക്കാൻ ഉപയോഗിച്ച തോക്ക് തന്നെയാണ് എംഎം കൽബർഗിയ്ക്ക് നേരെ നിറയൊഴിക്കാനും ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. 7.65 എംഎം നാടൻ പിസ്റ്റളാണ് അക്രമി ആയുധമാക്കിയത്.
ഫോറൻസിക് പരിശോധനാ ഫലം ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഇക്കാര്യം രണ്ട് കേസുകളും അന്വേഷിക്കുന്ന അന്വേഷണ സംഘാംഗങ്ങൾ ദി ഇന്ത്യൻ എക്സ്‌പ്രസിനോട് സ്ഥിരീകരിച്ചു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഗൗരി ലങ്കേഷ് കാർ വീടിനകത്തേക്ക് പാർക്ക് ചെയ്യാനായി വീടിന്റെ ഗേറ്റ് തുറക്കുന്പോഴായിരുന്നു അക്രമികൾ വെടിയുതിർത്തത്. ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് എട്ട് മണിയോടെയാണ് ഗൗരി ലങ്കേഷിനെ അക്രമി സംഘം വെടിവച്ച് കൊലപ്പെടുത്തിയത്.
2015 ഓഗസ്റ്റ് 30 ന് രാവിലെ 8.40 നാണ് സ്വന്തം വസതിയിൽ വച്ചാണ് എംഎം കൽബർഗി വെടിയേറ്റ് മരിച്ചത്. 7.65 എംഎം നാടൻ തോക്കിൽ നിന്നുതിർത്ത രണ്ട് വെടിയുണ്ടകളാണ് 77കാരനായിരുന്ന കൽബർഗിയുടെ ജീവനെടുത്തത്. നാല് ബുള്ളറ്റുകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തിൽ തറച്ചത്.