ന്യൂഡൽഹി: ദേശീയ അടിസ്ഥാനത്തിൽ ബിജെപിക്കെതിരെ കോൺഗ്രസുമായി ധാരണയുണ്ടാക്കണമെന്ന രേഖ തളളിയ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം വിഭാഗീയത കൊണ്ടല്ലെന്ന് ഗുലാം നബി ആസാദ്. ഈ വിഷയത്തിൽ കേരള നേതാക്കളുടെ വിമർശനത്തെ അപ്പാടെ തള്ളിക്കളഞ്ഞാണ് കോൺഗ്രസിന്റെ ദേശീയ തലത്തിലെ മുതിർന്ന നേതാവിന്റെ അഭിപ്രായ പ്രകടനം.

“മറ്റ് പാർട്ടികളുടെ പ്രവർത്തന രീതിയല്ല സിപിഎമ്മിന്റേത്. അവർ വ്യത്യസ്തമായ പാർട്ടിയാണ്. അവരുടെ തീരുമാനങ്ങൾ വോട്ടെടുപ്പിലൂടെയാണ് ഉണ്ടാകാറുളളത്. വ്യത്യസ്ത ആളുകളാകുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങളും കാണും. അതിനെ വിഭാഗീയതയായൊന്നും കാണേണ്ടതില്ല”, ഗുലാം നബി ആസാദ് പറഞ്ഞു.

ഇതിന് പിന്നാലെ കോൺഗ്രസുമായി മുൻകാലത്തൊരിക്കലും സിപിഎം യാതൊരു രാഷ്ട്രീയ ധാരണയും ഉണ്ടാക്കിയിരുന്നില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. “സിപിഎമ്മും കോൺഗ്രസും തമ്മിൽ മുൻപൊരിക്കലും സഖ്യമായി പ്രവർത്തിച്ചിരുന്നില്ല. അക്കാര്യത്തിൽ ആ പാർട്ടിക്ക് അവരുടേതായ നിലപാടുണ്ട്. ദേശീയ തലത്തിൽ അവർ അത് ഉയർത്തിപ്പിടിക്കുന്നതിനെ തെറ്റായി കാണാനാവില്ല”, ഗുലാം നബി ആസാദ് പറഞ്ഞു.

ഇന്നലെ എ.കെ.ആന്റണി അടക്കം കേരളത്തിൽ നിന്നുളള കോൺഗ്രസ് നേതാക്കൾ കേന്ദ്രകമ്മിറ്റി തീരുമാനത്തെ അപ്പാടെ എതിർത്താണ് രംഗത്ത് വന്നത്.

“മതേതര മുന്നണിയെ മുൻനിർത്തി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കേരളത്തിലെ സിപിഎമ്മിന് താൽപര്യമില്ല. ആർഎസ്എസ്സും സിപിഎമ്മും തമ്മിലുളള അഡജ്സ്റ്റ്മെന്ര് നാടകമാണ് നടക്കുന്നത്. ചരിത്രം ഇതിന് മാപ്പ് നൽകില്ല”, ആന്റണി പറഞ്ഞു.

ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ വേണ്ട നയരൂപീകരണം സംബന്ധിച്ച രേഖയാണ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസത്തിന് വഴിയൊരുക്കിയത്.

ഭരണ വർഗ്ഗ പാർട്ടികളുമായി തിരഞ്ഞെടുപ്പ് സഖ്യം വേണ്ടെന്ന് യെച്ചൂരിയുടെ രേഖയിൽ പറയുന്നുണ്ടെങ്കിലും അതിൽ കോൺഗ്രസിന്റെ പേര് പറഞ്ഞിരുന്നില്ലെന്ന് മാത്രമല്ല ധാരണ ഉണ്ടാകില്ല എന്ന വാക്ക് ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ്സുമായി സഖ്യമോ ധാരണയോ പാടില്ലെന്നതാണ് സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് നയം. അതിനാൽ തന്നെ പ്രകാശ് കാരട്ടിന്റെ രേഖയിൽ കോൺഗ്രസിന്റെ പേര് വ്യക്തമായി പരാമർശിക്കുകയും കോൺഗ്രസുമായി രാഷ്ട്രീയ ധാരണയോ സഖ്യമോ ഇല്ലാതെ തന്നെ ലക്ഷ്യം കൈവരിക്കുയെന്നതാണ് വ്യക്തമാക്കുന്നുണ്ട്.

കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാടുന്ന സംസ്ഥാനങ്ങളിൽ സിപിഎമ്മിന് കുറച്ചു സീറ്റുകളിൽ മൽസരിക്കാനും മറ്റു സീറ്റുകളിൽ ബിജെപിയെ തോൽപ്പിക്കുന്നതിനുളള പ്രചാരണ പരിപാടികൾ നടത്താമെന്നും കാരാട്ടിന്റെ രേഖയിൽ പറയുന്നുണ്ട്.

സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളുമായി തിരഞ്ഞെടുപ്പ് ധാരണയാകാമെന്ന് കാരാട്ട് രേഖ പറയുന്നു. ആ പ്രാദേശിക പാർട്ടികൾ കോൺഗ്രസ്സുമായി സഖ്യത്തിലാണെങ്കിൽ പോലും അതിന് അവരുമായി ധാരണയുണ്ടാക്കാം എന്നും വ്യക്തമാക്കുന്നു.

കൊൽക്കത്തയിൽ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ദേശീയടിസ്ഥാനത്തിൽ കോൺഗ്രസുമായി ധാരണ വേണ്ടെന്ന് സിപിഎം നിലപാടെടുത്തത്. യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ രേഖയ്ക്ക് കേന്ദ്രകമ്മിറ്റിയിൽ 31 വോട്ടും പ്രകാശ് കാരാട്ട് അവതരിപ്പിച്ച രേഖയ്ക്ക് 55 വോട്ടുമാണ് ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ