അഹമ്മദാബാദ്: വിജയ് രൂപാണി മുഖ്യമന്ത്രിയും നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയുമായുള്ള പുതിയ ഗുജറാത്ത് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗറില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, ബിജെപിക്ക് ഭരണമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു.
വിവിധ കേന്ദ്രമന്ത്രിമാരെയും പാർട്ടിയുടെ മുതിര്‍ന്ന നേതാക്കളെയും ചടങ്ങുകള്‍ക്കായി വിളിച്ചിരുന്നു. “സര്വ്വമതങ്ങളില് നിന്നുമുള്ള പുരോഹിതരേയും വിവിധ മതനേതാക്കളേയും പരിപാടിക്ക് വിളിച്ചിട്ടുണ്ട്. ” വഘാനി പറഞ്ഞു. ഡിസംബര്‍ 23നു സംസ്ഥാന ഗവര്‍ണര്‍ ഒ.പി.കോഹ്ലിയെ കണ്ട സംസ്ഥാന ബിജെപി നേതാക്കള്‍ മന്ത്രിസഭാ രൂപീകരിക്കുവാനുള്ള അവകാശവാദം ഉന്നയിച്ചു.
ഇത് ആറാം തവണയാണ് ബിജെപി ഗുജറാത്തിന്റെ ഭരണത്തിലെത്തുന്നത്. 2012ല്‍ 61 സീറ്റ് മാത്രം ലഭിച്ച മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് ഇത്തവണ 77 സീറ്റ് നേടാനായി. സഖ്യകക്ഷികളുടെ സീറ്റുകള്‍ കൂടി ചേരുമ്പോള്‍ 80 സീറ്റുകളാണ് കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്.