അഹമ്മദാബാദ്: മകന് ഒളിച്ചോടിയതിന് 36കാരിയായ മാതാവിനെ മരക്കുറ്റിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഗ്രാമത്തിലെ തന്നെ ഒരു യുവതിയുമായാണ് ഇവരുടെ മകന് ഒളിച്ചോടിയത്.
തുടര്‍ന്ന് വെളളിയാഴ്ച്ച ബുച്ചിബെന്‍ വാസവ എന്ന യുവതിയെ വീട്ടിന് പുറത്ത് പശുക്കളെ കെട്ടുന്ന കുറ്റിയില്‍ കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ വനിതാ ഹെല്പ്ലൈന് സംഘം ഇവരെ മോചിപ്പിക്കുകയായിരുന്നു. ബുച്ചിബെനിന്റെ 22കാരനായ മകന് കല്‍പേഷ് വാസവ സ്ഥലത്ത് ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഗ്രാമത്തിലെ 20കാരിയായ യുതിയുമായി ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു. ഇരുവരും ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
ഒന്നിച്ച് കമ്പനിയിലേക്ക് പോകുന്ന ഇരുവരും മാസങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തതോടെ കോടതിയുടെ സഹായത്തോടെയാണ് വിവാഹം നടന്നത്. വിവാഹ ശേഷം ഇരുവരും മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കുകയും ചെയ്തു. ദമ്പതികളെ ഗ്രാമത്തില്‍ താമസിപ്പിക്കണമെങ്കില്‍ 2.5 ലക്ഷം രൂപ തരണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബുച്ചിബെനിനോട് ആവശ്യപ്പെട്ടിരുന്നു. 550 രൂപ മാത്രം നല്കിയാല് മതിയെന്നായിരുന്നു പഞ്ചായത്ത് വിധിച്ചത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ബുച്ചിബെനിന്റെ ഭര്‍ത്താവിനേയും ഇവരേയും മര്‍ദ്ദിച്ചത്. ഭര്‍ത്താവ് ഓടിപ്പോയപ്പോള്‍ ബുച്ചിബെനിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പ്രശ്നത്തില്‍ ഇടപെടരുതെന്ന് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വനിതാ ഹെല്പ്ലൈന് പൊലീസിനേയും കൂട്ടി ഇവരെ മോചിപ്പിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ കേസെടുത്തു.