ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളി ഉള്‍പ്പെടെ അഞ്ച് പേര്‍ ഇന്ത്യക്കാരാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു.

മെഹബൂബ ഖൊഖാര്‍, റമീസ് വോറ, ആസിഫ് വോറ, ഒസ്‌യര്‍ കാദിര്‍, മലയാളിയായ അന്‍സി അലിബാവ എന്നിവരാണ് കൊലപ്പെട്ട അഞ്ച് ഇന്ത്യക്കാര്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയാണ് അന്‍സി അലിബാവ. അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഞായറാഴ്ച ട്വിറ്ററിലോടെയാണ് കൊല്ലപ്പെട്ട അഞ്ച് പേരുടെ വിവരങ്ങള്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഹൈക്കമ്മീഷന്‍ അനുശോചനം അറിയിച്ചു. ഓസ്ട്രേലിയന്‍ പൗരനായ ബ്രണ്ടന്‍ ടാറന്റ് മാത്രമാണ് രണ്ട് പളളികളിലും അക്രമം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ന്യൂസിലൻഡിലെ ലിന്‍കോണ്‍ സര്‍വകലാശാലയിലെ അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്മന്റ് വിദ്യാര്‍ഥിയായിരുന്നു അന്‍സി. ഭര്‍ത്താവ് അബ്ദുല്‍ നാസറും അന്‍സിയോടൊപ്പം ന്യൂസിലൻഡിലുണ്ടായിരുന്നു. ആക്രമണം നടന്ന പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

Read: കോടതി മുറിയില്‍ ക്യാമറകളെ പല്ലിളിച്ചു കാട്ടി ചിരിച്ച് മുസ്‌ലിം പളളികളില്‍ വെടിയ്‌പ് നടത്തിയ അക്രമി

കൊടുങ്ങല്ലൂരിലുള്ള അന്‍സിയുടെ മാതാവിനെ വിളിച്ചു അന്‍സിക്ക് രക്ഷപ്പെടുന്നതിനിടെ കാലിന് ചെറിയ പരുക്ക് പറ്റിയെന്നും ആശുപത്രിയിലാണെന്നും മാത്രമാണ് അബ്ദുള്‍ നാസര്‍ പറഞ്ഞിരുന്നത്. ഇന്നലെ വൈകീട്ടോടെയാണ് മരിച്ച വിവരം അറിയിച്ചത്. കൊടുങ്ങല്ലൂര്‍ ടികെഎസ് പുരം കരിപ്പാകുളം പരേതനായ അലിബാവയുടെ മകളാണ് അന്‍സി. രണ്ടു വര്‍ഷം മുന്‍പായിരുന്നു അബ്ദുല്‍ നാസറുമായുള്ള വിവാഹം. നാസര്‍ ന്യൂസിലൻഡില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

Read: ‘നമ്മുടെ ജനങ്ങളല്ലാത്തവരെ രാജ്യത്ത് നിന്ന് നീക്കം ചെയ്യണം’; അക്രമിയുടെ മാനിഫെസ്റ്റോ

വെള്ളിയാഴ്ചയാണ് ന്യൂസിലൻഡിലെ രണ്ടു മുസ്‌ലിം പള്ളികള്‍ക്കു നേരേ ആക്രമണമുണ്ടായത്. സംഭവത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 20ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള പള്ളികളിലാണ് ആക്രമണം നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook