സൂററ്റ്: ഗാന്ധി ഘാതകന് നാഥൂറാം ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ച ആറ് ഹിന്ദു മഹാസഭാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ലിംബായത്ത് പ്രദേശത്ത് ഞായറാഴ്ച്ചയാണ് സംഭവം. പൂനെ ജില്ലയിലെ ബാരാമതിയില്‍ 1910 മെയ് 19നാണ് ഗോഡ്സെ ജനിച്ചത്. സൂര്യമുഖി ഹനുമാന് ക്ഷേത്ര പ്രദേശത്താണ് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചതെന്ന് സൂറത്ത് പൊലീസ് കമ്മീഷണര്‍ സതീഷ് ശര്‍മ്മ പറഞ്ഞു. ഇതിന് പിന്നാലെ തിങ്കളാഴ്ച്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
‘ഗോഡ്സെയുടെ ചിത്രത്തിന് ചുറ്റും വിളക്ക് കത്തിച്ചു. തുടര്‍ന്ന് മധുരം വിതരണം ചെയ്ത് ഭജനം ആലപിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇവര്‍ പകര്‍ത്തിയിട്ടുണ്ട്,’ ശര്‍മ്മ വ്യക്തമാക്കി. ‘ഗാന്ധി ഘാതകനായ ഗോഡ്സെയുടെ ജന്മദിനം ആഘോഷമാക്കിയ ഇവരുടെ പ്രവര്‍ത്തി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ സമാധാന തകര്‍ക്കാനായിരുന്നു പ്രതികളുടെ ഉദ്ദേശം,’ ശര്‍മ്മ വ്യക്തമാക്കി.
ഐപിസി സെക്ഷന്‍ 153 പ്രകാരം കലാപം ഉണ്ടാക്കാനുളള ശ്രമം നടത്തിയ കുറ്റത്തിനാണ് ആറ് പേരേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐപിസി 153എ,153 ബി എന്നിവ പ്രകാരവും കേസെടുത്തിട്ടുണ്ട്. ഹൈരണ് മഷ്റു, വാലാ ബര്‍വാദ്, വിറല്‍ മാല്‍വി, ഹിതേഷ് സോനാര്‍, യോഗേഷ് പട്ടേല്‍, മനീഷ് കാലാല്‍ എന്നിവരാണ് അറസ്റ്റിലായത്.
നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന ബിജെപി നേതാവ് പ്രഗ്യാ സിങ് ഠാക്കൂറിന്റെ പരാമർശം വിവാദമായിരുന്നു. ഗോഡ്സെ ദേശഭക്തനാണെന്നും ഇനിയും ദേശഭക്തനായി തന്നെ അറിയപ്പെടുമെന്നും പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞിരുന്നു. ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ ആദ്യം ആത്മപരിശോധ നടത്തണം. ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ അതിനുതക്ക മറുപടി ലഭിക്കുമെന്നും പ്രഗ്യാ സിങ് കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു പ്രഗ്യാ സിങ്.
1948ല്‍ മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെ പരാമര്‍ശിച്ചായിരുന്നു കമലിന്റെ വാക്കുകള്‍. തമിഴ്നാട്ടിലെ അരുവാകുച്ചിയില്‍ തിരഞ്ഞെടുപ്പ് ക്യാംപെയിനില്‍ സംസാരിക്കവേയായിരുന്നു കമൽ ഹസൻ ഗോഡ്സയെ ആദ്യ തീവ്രവാദി എന്ന് വിളിച്ചത്.
വിവാദ പരാമർശത്തിൽ വലിയ പ്രതിഷേധമാണ് കമൽ ഹാസന് നേരെ ഉയർന്നത്. താരത്തിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസും എടുത്തിരുന്നു. മേയ് 19ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളില്‍ ഒന്നാണ് അരുവാക്കുച്ചി. ഇവിടെ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സ്ഥാനാർഥിയെ നിര്‍ത്തിയിട്ടുണ്ട്. മഹാത്മ ഗാന്ധിയുടെ കൊച്ചുമകനായിട്ടാണ് താന്‍ നില്‍ക്കുന്നതെന്നും അദ്ദേഹത്തിന്റെ ഘാതകരോട് ചോദ്യം ചെയ്യാനാണ് എത്തിയതെന്നും തുറന്ന വാഹനത്തിന് മുകളില്‍ നിന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു.