അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ ചമച്ചെന്ന കേസില്‍ മുംബൈയിലെ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, റിട്ടയേര്‍ഡ് ഡിജിപി ആര്‍ ബി ശ്രീകുമാര്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെ ഗുജറാത്ത് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുറ്റപത്രം സമര്‍പ്പിച്ചു. അഹമ്മദാബാദ് കോടതിയില്‍ മൂന്ന് പേര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചതായി എസ്‌ഐടിയുടെയും തീവ്രവാദ വിരുദ്ധ സേനയുടെയും (എടിഎസ്) തലവനായ പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ദീപന്‍ ഭദ്രന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
കേസില്‍ ടീസ്റ്റ സെതല്‍വാദിന് സെപ്തംബര്‍ 2 ന് ജാമ്യം ലഭിച്ചിരുന്നു. ജൂണ്‍ 25 ന് അറസ്റ്റിലായ ആര്‍.ബി ശ്രീകുമാര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അപേക്ഷ സെപ്റ്റംബര്‍ 28 നാണ് പരിഗണിക്കുന്നത്. ജൂണ്‍ 25 നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 1990ലെ കസ്റ്റഡി മരണക്കേസില്‍ ശിക്ഷിക്കപ്പെട്ട് സഞ്ജീവ് ഭട്ട് പാലന്‍പൂര്‍ ജയിലിലാണ്.
മൂവര്‍ക്കും എതിരെ സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 468 (വ്യാജരേഖ ചമയ്ക്കല്‍), 471 (വ്യാജ രേഖയോ ഇലക്ട്രോണിക് രേഖയോ ഉപയോഗിച്ച്), 194 (തെറ്റായ തെളിവുകള്‍ നല്‍കുകയോ കെട്ടിച്ചമയ്ക്കുകയോ ചെയ്യുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വധശിക്ഷാ കുറ്റം, 211 (തെറ്റായ ആരോപണത്തിലൂടെ ദ്രോഹിക്കുക എന്ന ഉദ്ദേശത്തോടെ കുറ്റം) കൂടാതെ 218 (സര്‍ക്കാര്‍ സേവകന്‍ തെറ്റായ രേഖകള്‍ ഉണ്ടാക്കുകയോ അല്ലെങ്കില്‍ വ്യക്തിയെ ശിക്ഷയില്‍ നിന്ന് രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ എഴുതുകയോ ചെയ്യുക). 2002 ലെ കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഇവര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തത്.