ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകയായ ടീസ്റ്റ സെതൽവാദിനെയും റിട്ടയേർഡ് ഡിജിപി ആർ. ബി. ശ്രീകുമാറിനെയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് നടപടി.
പോലീസ് ഉദ്യോഗസ്ഥന്‍ ഡി.ബി. ബരാദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിറ്റെക്ഷന്‍ ഓഫ് ക്രൈം ബ്രാഞ്ച് (ഡിസിബി) എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ശ്രീകുമാറിനു പുറമെ മറ്റൊരു കേസിൽ ജയിലിൽ കഴിയുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവരും പ്രതികളാണ്. ടീസ്റ്റയ്ക്കെതിരെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഗുജറാത്തിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) സംഘം ഉച്ചയോടെ ടീസ്റ്റയുടെ മുംബൈയിലെ വസതിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. “അഹമ്മദാബാദ് പൊലീസിന്റെ ഡിസിബി നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എടിഎസ് സംഘം ടീസ്റ്റ സെതൽവാദിനെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും അഹമ്മദാബാദിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുവരികയുമായിരുന്നു,” അഹമ്മദാബാദ് സിറ്റി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗുജറാത്ത് കലാപം സംബന്ധിച്ച് ടീസ്റ്റ പൊലീസിന് അടിസ്ഥാന രഹിതമായ വിവരങ്ങള്‍ കൈമാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അറസ്റ്റുണ്ടായത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു ഷായുടെ വാക്കുകള്‍.
സാന്താക്രൂസ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന ടീസ്റ്റയുടെ വസതിയിൽ ഗുജറാത്ത് പോലീസിന്റെ എടിഎസ് സംഘം പോയതായി മുംബൈ പോലീസ് വക്താവ് ഡിസിപി സഞ്ജയ് ലട്കർ സ്ഥിരീകരിച്ചു. ഐപിസി സെക്ഷൻ 468 (വ്യാജരേഖ ചമയ്ക്കൽ), 471 (വ്യാജരേഖ ഉപയോഗം), 194 (തെറ്റായ തെളിവ് നൽകുകയോ കെട്ടിച്ചമയ്ക്കുകയോ ചെയ്യുക), 211, 218 (പൊതുസേവകൻ തെറ്റായ രേഖ ഉണ്ടാക്കുന്നത്), 120 (ബി) (ഗൂഢാലോചന) എന്നിവ പ്രകാരമാണ് ടീസ്റ്റയ്ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ അറിയിക്കാതെ ടീസ്റ്റയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നെന്നും അവരെ ആക്രമിച്ചെന്നും അഭിഭാഷകന്‍ വിജയ് ഹിരേമത്ത് ആരോപിച്ചു.
ഗാന്ധിനഗറിലെ വീട്ടില്‍ നിന്നായിരുന്നു റിട്ടയര്‍ഡ് ഡിജിപി ആര്‍ ബി ശ്രീകുമാറിനെ അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. 2002ലെ ഗുജറാത്ത് കലാപത്തിൽ പോലീസിനെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് അന്നത്തെ സർക്കാർ തടഞ്ഞുവെന്ന് ശ്രീകുമാർ ആരോപിച്ചിരുന്നു.
Also Read: അവസാനിക്കാത്ത പ്രഹസനങ്ങള്‍; ഇന്ത്യയിലെ റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ ഹ്രസ്വ ചരിത്രം