അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, 10 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ട മൂന്നാമത്തെ പട്ടിക പുറത്തിറക്കി ആം ആദ്മി പാര്‍ട്ടി (എ എ പി). മത്സ്യത്തൊഴിലാളി നേതാവ്, ശസ്ത്രക്രിയാ വിദഗ്ധന്‍, വിരമിച്ച മംലാത്ദാര് (തഹസില്‍ദാര്‍) ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ബിസിനസുകാരന് എന്നിവര്‍ ഉള്‍പ്പെട്ടതാണു പട്ടിക.
എ എ പി ഗുജറാത്ത് അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിലാണു പട്ടിക പ്രഖ്യാപിച്ചത്. 182 സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇവര്‍ ഉള്‍പ്പെടെ 39 സ്ഥാനാര്‍ത്ഥികളെയാണ് എ എ പി ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്നാം പട്ടികയില്‍ അഹമ്മദാബാദില്‍നിന്നു രണ്ടുപേരുണ്ട്. വെജല്‍പൂര്‍ സീറ്റിലേക്കു പ്രഖ്യാപിച്ച വ്യവസായി കല്‍പേഷ് പട്ടേല്‍ ഭോലാഭായ്, ദാനി ലിംഡ സീറ്റിലേക്കു പരിഗണിച്ച വിരമിച്ച മംലാത്ദാര് ദിനേഷ് കപാഡിയ എന്നിവരാണവര്‍.
പോര്‍ബന്തറില്‍ പ്രമുഖ മത്സ്യത്തൊഴിലാളി നേതാവ് ജിവന് ജംഗിയെയാണു പാര്‍ട്ടി മത്സരിപ്പിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് വക്താവും വ്യവസായിയുമായ കൈലാഷ് ഗാധ്വിയെ കച്ചിലെ മാണ്ഡ്വി സീറ്റില്‍ മത്സരിപ്പിക്കും.
അബ്ദസ ഉപതെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നു 2020 ഒക്ടോബറിലാണു കൈലാഷ് ഗാധ്വി കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്. രണ്ട് പതിറ്റാണ്ടോളം കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന അദ്ദേഹം പാര്‍ട്ടി വക്താവ് എന്നതിനൊപ്പം ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കോണ്‍ഗ്രസ് സിഎ സെല്ലിന്റെ തലവനായിരുന്നു. നിലവില്‍ അദ്ദേഹം എ എ പി ഗുജറാത്ത് ഘടകത്തിന്റെ ട്രഷററാണ്.
ഓര്‍ത്തോപീഡിക് സര്ജന് ഡോ. രമേഷ് പട്ടേലിന് ദീസയിലാണ് അവസരം നല്‍കിയിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകനായ ലാലേഷ് തക്കര്‍ പടാന്‍ മണ്ഡലത്തിലും വിജയ് ചാവ്ദ വഡോദരയിലെ സാവ്ലി മണ്ഡലത്തിലും ജനവിധി തേടും.
കെവാദിയ ബച്ചാവോ ആന്ദോളന് നേതാവ് പഫുല്‍ വാസവ നന്ദോദിലും എ എ പിയുടെ ആദിവാസി സംഘടന അധ്യക്ഷന്‍ ബിപിന്‍ ഗമേതി സബര്‍കാന്തയിലെ ഖേദ്ബ്രഹ്മയിലും മത്സരിക്കും. സഹകരണരംഗത്തെ നേതാവാവയ അരവിന്ദ് ഗാമിത് ദക്ഷിണ ഗുജറാത്തിലെ നിസാറില്‍ ജനവിധി തേടും.