വഡോദര: ക്രിക്കറ്റ് ടൂര്‍ണമെന്റിനു ട്രോഫിക്ക് പകരം പശുവിനെ വിതരണം ചെയ്തിരിക്കുകയാണ് ഗുജറാത്ത് വഡോദരയിലെ റാബ്‌റി സമുദായം. പശുക്കളെയുംകൊണ്ട് ടൂര്‍ണമെന്റ് നടന്ന മൈതാനിയില്‍ നില്‍ക്കുന്ന ടീമംഗങ്ങളുടെ ഫോട്ടോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

പശുവിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശത്തോടയാണ് ട്രോഫികള്‍ക്ക് പകരം പശുവിനെ സമ്മാനമായി നല്‍കിയതെന്നാണ് സംഘാടകര്‍ പറയുന്നത്. റാബ്‌റി സമുദായമാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍. കന്നുകാലികള്‍ക്കും അവയുടെ സംരക്ഷണത്തിനും വലിയ പ്രാധാന്യം നല്‍കുന്ന സമൂഹമാണ് റാബ്‌റി.

കഴിഞ്ഞ വര്‍ഷം നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരമായി പശുക്കളെ നല്‍കിയിരുന്നു. ടൂര്‍ണമെന്റിലൂടെ പശുവിക്കെുറിച്ച് നല്ല സന്ദേശം നല്‍കാന്‍ സാധ്യമാകുമെന്നാണ് വിശ്വാസമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

അതേസമയം പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും മത്സരാര്‍ത്ഥികള്‍ ഉയര്‍ത്തി. പശുവിനെ സമ്മാനമായി സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കളിക്കാര്‍ പറയുന്നു. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടയിലാണ് കൗതുകകരമായ വാർത്ത പുറത്ത് വന്നിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ