ഗാന്ധിനഗര്‍: സംസ്ഥാനത്തെ കടുത്ത വരൾച്ചയില്‍ നിന്ന് രക്ഷിക്കാന്‍ നല്ല മഴ ലഭിക്കുന്നതിന് യാഗങ്ങള്‍ നടത്താനൊരുങ്ങി ഗുജറാത്ത് സർക്കാർ. മെയ് 31നു സംസ്ഥാനത്തെ 33 ജില്ലകളിലും എട്ടു പ്രധാന നഗരങ്ങളിലും സര്‍ക്കാര്‍ ചെലവില്‍ 41 പർജന്യ യാഗങ്ങൾ നടത്താനാണ് സർക്കാർ ഒരുങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ ജലസംരക്ഷണപദ്ധതികളുടെ ഭാഗമായ ‘സുജലാം സുഫലാം ജല്‍ അഭിയാന്‍’ പദ്ധതിയുടെ ഭാഗമായാണ് യാഗങ്ങള്‍ സംഘടിപ്പിക്കുന്നത്.

യാഗത്തിലൂടെ മഴദേവനായ ഇന്ദ്രനെയും ജലദൈവമായ വരുണനെയും പ്രസാദിപ്പിക്കാനാകുമെന്നാണ് ബിജെപി സർക്കാരിന്റെ പ്രതീക്ഷ. ഇതിലൂടെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും മുഖ്യമന്ത്രി വിജയ് രൂപാനിയും മന്ത്രിമാരും വിശ്വസിക്കുന്നു. കടുത്ത വേനലിൽ സംസ്ഥാനത്തെ ജലാശയങ്ങളെല്ലാം വറ്റിവരണ്ടതോടെയാണ് മണ്‍സൂണിൽ ശക്തമായ മഴ ലഭിക്കാനായി യാഗങ്ങൾ സംഘടിപ്പിക്കുന്നത്. പൊതുഖജനാവിൽ നിന്ന് പണം ചിലവഴിച്ച് നടത്തുന്ന യാഗത്തിന് കൃത്യം എത്രരൂപ ചിലവാകുമെന്ന് സംബന്ധിച്ച് വ്യക്തതയില്ല.

ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണു സംസ്ഥാന സർക്കാർ ചെലവിൽ യാഗങ്ങൾ നടത്താൻ തീരുമാനമായത്. നല്ലൊരു മഴക്കാലം പ്രതീക്ഷിച്ചാണു പൂജകള്‍ സംഘടിപ്പിക്കുന്നതെന്നു ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേൽ പറഞ്ഞു. പൂജകൾക്കു ശേഷം പ്രസാദവിതരണം ഉണ്ടായിരിക്കുമെന്നും പട്ടേൽ അറിയിച്ചു. യാഗം കഴിയുന്നതോടെ മഴ പെയ്യുമെന്നും, ഇതിലൂടെ നദികളും തടാകങ്ങളും നിറഞ്ഞുകവിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാഗങ്ങളിലും തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തിലും മുഖ്യമന്ത്രി വിജയ് രൂപാണി, സംസ്ഥാന മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook