അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പൽ കോർപ്പേറേഷനിൽ വൻ നേട്ടമുണ്ടാക്കി ബിജെപി. ആറു മുനിസിപ്പൽ കോർപ്പറേഷനിലും ഭരണം നിലനിർത്തിയ ബിജെപി ഇത്തവണയും ആധിപത്യം നേടി. അതേസമയം കോൺഗ്രസിന് മൂന്നക്കം കടക്കാൻ പോലും സാധിച്ചില്ല. 576 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിൽ വൻഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരം നിലനിർത്തിയത്. സൂറത്തിലെ 120 സീറ്റുകളില്‍ 93 സീറ്റുകളോടെയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. ആം ആദ്മി പാർട്ടി 27 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് ഇവിടെ ഒരു സീറ്റുപോലും സ്വന്തമാക്കാനായില്ല.

Read More: ഏതു കോണ്‍ഗ്രസ് നേതാവും ഏത് നിമിഷവും ബിജെപിയിലേയ്ക്ക് പോകും: എ. വിജയരാഘവന്‍

ആകെയുള്ള 576 സീറ്റുകളില്‍ ബിജെപിക്ക് 474 ഉം കോണ്‍ഗ്രസിന് 51 ഉം സീറ്റുകളിലാണ് ജയിച്ചത്. 20 സീറ്റുകളിലെ ഫലം പുറത്ത് വരാനുണ്ട്. സൂറത്തില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിച്ചത്.

ഞായറാഴ്ച രാവിലെ ഏഴിനും വൈകിട്ട് ആറിനും ഇടയിൽ നടന്ന വോട്ടെടുപ്പിൽ ശരാശരി 46.08 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജാംനഗറിൽ ഏറ്റവും ഉയർന്ന പോളിങ് -53.38 ശതമാനം. ഏറ്റവും കുറവ് അഹമ്മദാബാദിൽ- 42.51 ശതമാനം.  രാജ്കോട്ടിൽ 50.72 ശതമാനവും ഭാവ് നഗറിൽ 49.46 ശതമാനവും വഡോദരയിൽ 47.84 ശതമാനവും സൂറത്തിൽ 47.14 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook