scorecardresearch
Latest News

ഗുജറാത്ത്: തൂക്കുപാലം തുറന്നത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ, മരണം 133

അപകടസമത്ത് 150 ഓളം പേര്‍ പാലത്തില്‍ ഉണ്ടായിരുന്നതായി മോര്‍ബിയിലേക്ക് കുതിച്ച ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി പറഞ്ഞു.

ഗുജറാത്ത്: തൂക്കുപാലം തുറന്നത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ, മരണം 133

ന്യൂഡല്‍ഹി: ഗുജറാത്തിലെ മോര്‍ബി നഗരത്തിലെ മച്ചു നദിയിലെ നൂറ്റാണ്ട് പഴക്കമുള്ള തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 133 ആയി. 93 പേർക്കു പരുക്കേറ്റു.

അറ്റകുറ്റപ്പണികള്‍ക്കായി ഏഴുമാസത്തോളം അടച്ചിട്ടിരുന്ന പാലം നാലുദിവസം മുമ്പാണ് വീണ്ടും തുറന്നത്. അപകടത്തിൽ 132 പേർ മരിച്ചതായും രണ്ടുപേരെ കാണാതായതായും പഞ്ചായത്ത് സഹ മന്ത്രി ബ്രിജേഷ് മെർജ പറഞ്ഞു. തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

172 പേരെ രക്ഷപ്പെടുത്തിയതായി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. പരുക്കേറ്റവരിൽ 84 പേർ മോര്‍ബി സർക്കാർ ആശുപത്രിയിലും ഒൻപതു പേർ സ്വകാര്യ ആശുപത്രിയിലുമാണു ചികിത്സയിലുള്ളതെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിരവധി സ്ത്രീകളും കുട്ടികളും പാലത്തില്‍ ഉണ്ടായിരുന്നു, പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലത്തിലൂടെ ആളുകള്‍ നടക്കുമ്പോള്‍ ഇന്നലെ വൈകുന്നേരം 6:30 ഓടെയാണ് അപടകമുണ്ടായത്.

രാത്രി 9:45 വരെ 60 ലധികം മൃതദേഹങ്ങള്‍ പുറത്തെടുത്തിരുന്നു. കര, നാവിക, വ്യോമ സേനാ സംഘങ്ങൾ ഉൾപ്പെടുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

” അഗ്‌നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും (ദേശീയ ദുരന്ത നിവാരണ സേന) സ്വകാര്യ മുങ്ങല്‍ വിദഗ്ധരും ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. താഴെയുള്ള ഒരു ചെക്ക് ഡാം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്, പാലത്തിന് താഴെ ജലനിരപ്പ് കുറക്കാനാണിത്, ”രാജ്‌കോട്ട് എംപി മോഹന്‍ കുന്ദരിയ രാവിലെ പറഞ്ഞു.

പാലം മോര്‍ബി മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ഈ വര്‍ഷം ആദ്യം നിര്‍മാണ രംഗത്തെ പ്രമുഖ സ്വകാര്യ സ്ഥാപനമായ ഒറെവ ഗ്രൂപ്പുമായി ധാരണാപത്രം (എംഒയു) ഒപ്പുവയ്ക്കുകയായിരുന്നു. പാലത്തിന്റെ പ്രവര്‍ത്തനങ്ങളും പരിപാലനവും 15 വര്‍ഷത്തേക്ക് കൈമാറിയിരുന്നു.

”ഞങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുയാണ്, പ്രഥമദൃഷ്ട്യാ, പാലത്തിന്റെ മധ്യഭാഗത്തു നിരവധി ആളുകള്‍ കൂടിയതാണ് പാലം തകരനിടയായതെന്ന്” ഒറേവ ഗ്രൂപ്പിന്റെ വക്താവ് പറഞ്ഞു. മൂന്ന് എന്‍ഡിആര്‍എഫ് ടീമുകള്‍, 50 നാവികസേനാംഗങ്ങള്‍, 30 ഐഎഎഫ് ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് യൂണിറ്റുകള്‍, ഏഴ് അഗ്‌നിശമന സേനാ ടീമുകള്‍ എന്നിവരെ മോര്‍ബിയിലേക്ക് അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) അറിയിച്ചു. മോര്‍ബി സിവില്‍ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പിഎംഒ പ്രഖ്യാപിച്ചിട്ടുണ്ട്.

പാലം വീണ്ടും തുറന്നത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ

മോര്‍ബി മുനിസിപ്പാലിറ്റിയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഏഴ് മാസം മുമ്പ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ച പാലം വീണ്ടും തുറന്നത്. ഒക്ടോബര്‍ 26 നാണ് (ഗുജറാത്തി പുതുവത്സര ദിനം) വിനോദസഞ്ചാരികള്‍ക്കും ആളുകള്‍ക്കുമായി പാലം വീണ്ടും തുറന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ഇ-ബൈക്കുകള്‍ നിര്‍മ്മിക്കുന്ന മോര്‍ബി ആസ്ഥാനമായുള്ള ഒറെവ ഗ്രൂപ്പിന് (അജന്ത മാനുഫാക്ചറിംഗ് പ്രൈവറ്റ് ലിമിറ്റഡ്) പാലത്തിന്റെ പരിപാലനത്തിനും നടത്തിപ്പിനുമുള്ള കരാര്‍ നഗരസഭ നല്‍കിയത്.

ഗുജറാത്ത് ടൂറിസം വെബ്സൈറ്റിലെ പ്രധാന ആകര്‍ഷണമാണ് പാലം. ‘എഞ്ചിനീയറിംഗ് വിസ്മയം’ എന്ന് കണക്കാക്കപ്പെടുന്ന പാലം, ‘അക്കാലത്ത് യൂറോപ്പില്‍ ലഭ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മോര്‍ബിക്ക് തനതായ ഐഡന്റിറ്റി നല്‍കാനാണ്’ നിര്‍മ്മിച്ചതെന്ന് ജില്ലാ കളക്ടറേറ്റ് വെബ്സൈറ്റ് പറയുന്നു. ദര്‍ബര്‍ഗഡ് കൊട്ടാരത്തെയും ലഖ്ദിര്‍ജി എഞ്ചിനീയറിംഗ് കോളേജിനെയും ബന്ധിപ്പിക്കുന്ന മച്ചു നദിയില്‍ 1.25 മീറ്റര്‍ വീതിയുള്ള പാലത്തിന് 233 മീറ്റര്‍ നീളമുണ്ടായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Gujarat morbi suspension bridge collapse