അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 134 പേര് മരിച്ച സംഭവത്തില്‍ ഒന്‍പതു പേര് അറസ്റ്റില്‍. പാലം അറ്റകുറ്റപ്പണിയും നടത്തിപ്പും ഏറ്റെടുത്ത കമ്പനിയുടെ മാനേജര്‍മാര്‍ ഉള്‍പ്പെടെ ഒന്‍പതു പേരെ അറസ്റ്റ് ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
”ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ് ഐ ആര് റജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഒന്‍പതു പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒറേവ കമ്പനിയുടെ മാനേജര്‍മാരും ടിക്കറ്റ് ക്ലാര്‍ക്കുമാരും ഉള്‍പ്പെടുന്നു,” എന്ന് രാജ്കോട്ട് റേഞ്ച് ഐ ജി അശോക് യാദവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലത്തിന്റെ അറ്റകുറ്റപ്പണിയും നടത്തിപ്പും ഏറ്റെടുത്ത കമ്പനിയുടെ അധികൃതര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ് എഫ് ഐ ആറില്‍ ചുമത്തിയിരിക്കുന്നത്. പാലത്തിന്റെ നവീകരണത്തിനും നടത്തിപ്പിനുമുള്ള കരാര്‍ നഗരം ആസ്ഥാനമായ ഒറേവ ഗ്രൂപ്പിനാണു നല്‍കിയതെന്നു മോര്‍ബി മുനിസിപ്പാലിറ്റി ചീഫ് ഓഫീസര്‍ സന്ദീപ് സിങ് സാല പറഞ്ഞു.
മോര്‍ബി നഗരത്തിലെ മച്ചു നദിക്കു കുറുകയെുള്ള നൂറ്റാണ്ട് പഴക്കമുള്ള തൂക്കുപാലമാണു ഞായറാഴ്ച വൈകീട്ട് തകര്‍ന്നത്. അറ്റകുറ്റപ്പണികള്‍ക്കായി ഏഴുമാസത്തോളം അടച്ചിട്ടിരുന്ന പാലം ഗുജറാത്തി പുത്സരദിനമായ ഒക്ടോബര്‍ 26നാണു തുറന്നത്.
മോര്‍ബി മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള പാലത്തിന്റെ നവീകരണത്തിനായി ഈ വര്‍ഷമാണു ഒറേവ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചത്. പാലത്തിന്റെ നടത്തിപ്പും പരിപാലനവും 15 വര്‍ഷത്തേക്ക് ഈ ഗ്രൂപ്പിനു കൈമാറിക്കൊണ്ടുള്ളതായിരുന്നു ധാരണാപത്രം.
ദുരന്തത്തില്‍ മരിച്ചവരില്‍, ബി ജെ പിയുടെ രാജ്കോട്ട് എം പി മോഹന കുന്ദരിയയുടെ 12 ബന്ധുക്കളുമുണ്ട്. സംഭവത്തില്‍ 172 പേരെ അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. 93 പേര്‍ക്കു പരുക്കേറ്റു.
നിയസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൂന്നു ദിവസത്തെ പര്യടനത്തിനു ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ദുരന്തസ്ഥലം സന്ദര്‍ശിക്കും. ദുരന്തത്തില്‍ വേദനയുണ്ടെന്ന് കെവാഡിയയില്‍ സംസാരിക്കവെ മോദി പറഞ്ഞു.
അതേസമയം, അപകട കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ”ഈ ദാരുണ അപകടത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കെന്നു കണ്ടെത്തുകയും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും വേണം. എങ്കില്‍ മാത്രമേ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍ കഴിയൂ,” അദ്ദേഹത്തെ ഉദ്ധരിച്ചുള്ള കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന അഞ്ചംഗ സമിതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചു.
ഗുജറാത്ത് ടൂറിസം വെബ്സൈറ്റിലെ പ്രധാന ആകര്‍ഷണമാണു മോര്‍ബി തൂക്കുപാലം. ‘എന്‍ജിനീയറിങ് വിസ്മയം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാലം യൂറോപ്യന്‍ ശൈലിയില്‍ നിര്‍മിക്കപ്പെട്ടതാണ്. 1879ലായിരുന്നു ഉദ്ഘാടനം. 233 മീറ്റര്‍ നീളവും 1.25 മീറ്റര്‍ വീതിയുമുണ്ടായിരുന്ന പാലം ദര്‍ബര്‍ഗഡ് കൊട്ടാരത്തെയും ലഖ്ദിര്‍ജി എന്‍ജിനീയറിങ് കോളജിനെയും ബന്ധിപ്പിക്കുന്നതായിരുന്നു.