മുംബൈ: ഗുജറാത്ത് തിരഞ്ഞെടുപ്പിലെ യഥാർത്ഥ വിജയിതാക്കൾ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസാണെന്ന് ശിവസേന. അധികാരത്തിൽ വരികയെന്നത് വലിയ കാര്യമല്ല. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാലും ബിജെപിയെ അവർക്ക് തോൽപ്പിക്കാനായെന്ന് സേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.

20 വർഷത്തിലധികമായി ഗുജറാത്ത് ഭരിക്കുന്നത് ബിജെപിയാണ്. അതിനാൽതന്നെ അധികാരത്തിൽ വീണ്ടും ബിജെപി വരുന്നത് വലിയ കാര്യമൊന്നുമല്ല. രാജ്യത്ത് ബിജെപിക്ക് അധികാരം നേടിക്കൊടുത്ത ഗുജറാത്ത് മോഡൽ ഇത്തവണ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ പാവപ്പെട്ടവരുടെ പോക്കറ്റ് ബിജെപി കാലിയാക്കി. അതിന്റെ പ്രതിഫലനമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കണ്ടതെന്നും സഞ്ജയ് റൗത്ത് പറഞ്ഞു.

ഗുജറാത്തിലെ ജനങ്ങൾ ബിജെപി ഭരണത്തിൽ സന്തുഷ്ടരല്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. രാജ്യസുരക്ഷ, ജമ്മു കശ്മീർ-പാക്കിസ്ഥാൻ പ്രശ്നം, നോട്ടു നിരോധനം, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ തുടങ്ങി പ്രശ്നങ്ങളിൽ ഒന്നിനുപോലും പരിഹാരം കണ്ടെത്താൻ നരേന്ദ്ര മോദി സർക്കാരിന് കഴിഞ്ഞിട്ടില്ല. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽനിന്നും എനിക്ക് വ്യക്തമായത് ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ചിന്തിക്കാതെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പോരാടിയതെന്നും രാഹുലിനെ റൗത്ത് പറഞ്ഞു. രാഹുൽ കോൺഗ്രസ് അധ്യക്ഷനായി ചുമതയേറ്റപ്പോൾ പ്രകീർത്തിച്ച് ശിവസേനയുടെ മുഖപത്രമായ സാംമ്നയിൽ ലേഖനം വന്നിരുന്നു. പാർട്ടി വെല്ലുവിളികൾ നേരിടുന്ന നിർണായക സമയത്താണ് രാഹുൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതെന്നും രാഹുൽ ഗാന്ധിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ