മെഹ്സാന: 2017 ജൂലൈയിൽ നടത്തിയ റാലിയുമായി ബന്ധപ്പെട്ട കേസിൽ വാദ്ഗാം എംഎൽഎ ജിഗ്നേഷ് മേവാനി അടക്കം 10 പേർ കുറ്റക്കാരെന്ന് കോടതി. മെഹ്സാന ടൗണിൽ പോലീസ് അനുമതിയില്ലാതെ റാലി നടത്തിയതുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ മെഹ്സാനയിലെ മജിസ്ട്രേയൽ കോടതി മേവാനിക്കും മറ്റ് ഒമ്പത് പേർക്കും എതിരെ രജിസ്റ്റർ ചെയ്ത അനധികൃത സംഘം ചേരലിനുള്ള ക്രിമിനൽ കേസിലാണ് ഇവർ കുറ്റക്കാരാണെന്ന് വിധിച്ചത്. എല്ലാ പ്രതികൾക്കും മൂന്ന് മാസം തടവും 1,000 രൂപ വീതം പിഴയും കോടതി വിധിച്ചു. മേവാനിയെ കൂടാതെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് രേഷ്മ പട്ടേലും ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഉൾപ്പെടുന്നു
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജെ.എ.പർമറിന്റെ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. “റാലി നടത്തുന്നത് കുറ്റമല്ല, എന്നാൽ അനുമതിയില്ലാതെ റാലി നടത്തുന്നത് കുറ്റകരമാണ്”. അനുസരണക്കേട് ഒരിക്കലും വച്ചുപൊറുപ്പിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ഉനയിൽ ദലിതർക്കെതിരായ ആക്രമണങ്ങൾ നടന്ന് ഒരു വർഷം തികഞ്ഞ 2017 ജൂലൈ 12 ന് മെഹ്സാനയിൽ നിന്ന് മേവാനിയും സംഘവും റാലി സംഘടിപ്പിച്ചിരുന്നു. മേവാനി സ്ഥാപിച്ച രാഷ്ട്രീയ ദലിത് അധികാര് മഞ്ചിന്റെ ബാനറിന് കീഴിലുള്ള റാലിക്ക്, മേവാനിയുടെ കൂട്ടാളികളിലൊരാളായ കൗശിക് പർമർ, മെഹ്സാന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനോട് അനുമതി തേടിയിരുന്നു. പിന്നീട് അധികൃതർ അനുമതി റദ്ദാക്കിയെങ്കിലും സംഘാടകർ റാലി നടത്തിയിരുന്നു.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവിനെ പ്രതികൾക്ക് ഉചിതമായ ഉന്നത അധികാരികൾക്ക് മുമ്പാകെ ചോദ്യം ചെയ്യാമായിരുന്നെന്നും തുടർന്ന് അർഹമായ അനുമതി ലഭിച്ച ശേഷം റാലി നടത്താമായിരുന്നെന്നും 10 പ്രതികളെ ശിക്ഷിക്കവേ കോടതി നിരീക്ഷിച്ചു.
മാർച്ച് നടത്താൻ അനുമതി നൽകാത്തതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 143 പ്രകാരം മെഹ്സാന പോലീസ് അവർക്കെതിരെ നിയമവിരുദ്ധമായി സംഘംചേരുന്നതിന് കേസെടുത്തിരുന്നു. കേസിൽ 12 പേർക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഇപ്പോൾ കോൺഗ്രസിന്റെ ഭാഗമായ മുൻ ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യ കുമാറും റാലിയിൽ പങ്കെടുത്തിരുന്നു. കനയ്യയും കേസിലെ പ്രതികളിലൊരാളാണ്.
എന്നാൽ കഴിഞ്ഞ വർഷം ഏപ്രിലിൽ കോടതി കുറ്റം ചുമത്തുന്ന സമയത്ത് കനയ്യ കുമാർ ഹാജരാകാതിരുന്നതിനാൽ, കോടതിയിൽ ഹാജരാകുമ്പോൾ അദ്ദേഹത്തിനെതിരെ പ്രത്യേക വിചാരണ നടത്താൻ കോടതി ഉത്തരവിട്ടിരുന്നു.
കനയ്യ കുമാറിനെയും മരിച്ച മറ്റൊരു പ്രതിയെയും ഒഴിവാക്കി. കഴിഞ്ഞ വർഷം ഏപ്രിലിൽ മേവാനി ഉൾപ്പെടെ 10 പേർക്കെതിരെ കോടതി വിചാരണ ആരംഭിച്ചിരുന്നു.