ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിരക്കച്ചവടം ഭയന്ന് ബംഗളൂരുവിലേക്ക് പോയ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിങ്കളാഴ്ച്ച തിരികെയെത്തും. വൈകിട്ട് 4.30ഓടെ 10 എംഎല്‍എമാര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തുമെന്നാണ് വിവരം. ബാക്കി 33 എംഎല്‍എമാരും നാളെ തന്നെ എത്തും.

ചൊവ്വാഴ്ചയാണ് ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളിലേക്ക് മത്സരം നടക്കുന്നത്. ഇതില്‍ ഒരു സീറ്റിലേക്ക് സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി കൂടിയായ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പാട്ടേലും മത്സരിക്കുന്നുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരും ഗുജറാത്തില്‍ നിന്ന് മത്സരരംഗത്തുണ്ട്.

ജൂലൈ 29 നാണ് എം.എല്‍.എമാരെ ഗുജറാത്തില്‍ നിന്ന് ബെംഗളൂരുവിലെ സുരക്ഷിത മേഖലയിലെത്തിച്ചത്. മുതിര്‍ന്ന നേതാക്കന്മാര്‍ അടക്കം ആറു എം.എല്‍.എമാര്‍ രാജിവച്ചതോടെയാണ് കോണ്‍ഗ്രസ് ഇത്തരുമൊരു നീക്കം നടത്തിയത്.

ആകെ 57 എംഎൽഎ മാരാണ് ഗുജറാത്തിൽ കോൺഗ്രസിനുള്ളത്. പ്രധാന നേതാവായിരുന്ന ശങ്കർ സിങ് വഗേല പാർട്ടി വിട്ടതോടെ ഇദ്ദേഹത്തിന്റെ അടുപ്പക്കാരായ ആറ് പേർ കൂടി രാജിവച്ച് ബിജെപിയിലെത്തി. ബാക്കിയുളള 51 എംഎൽഎ മാരിൽ പതിനഞ്ച് പേർ കൂടി ബിജെപി പാളയത്തിലേക്ക് പോകുമെന്ന റിപോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു കോൺഗ്രസിന്റെ നീക്കം.

മോഹനവാഗ്ദാനങ്ങൾ നൽകി എംഎൽഎ മാരെ ബിജെപി ചാക്കിട്ടുപിടിക്കുകയാണെന്നാണ് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തിയത്. 47 എംഎൽഎ മാരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ അഹമ്മദ് പട്ടേലിന് വിജയിക്കാനാവൂ. എംഎൽഎമാർ രാജിവച്ചാൽ ഇത് നടക്കില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ