ന്യൂഡൽഹി: ഗുജറാത്തിനെ ഒരിക്കലും വിലയ്ക്കു വാങ്ങാനാവില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്ത് ഞങ്ങൾക്ക് വിലമതിക്കാനാവാത്തതാണ്. ഗുജറാത്തിനെ ആരും വാങ്ങിയിട്ടില്ല. ഒരിക്കലും വാങ്ങാൻ പറ്റില്ലെന്നും ഒരിക്കലും വാങ്ങുകയുമില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. ബിജെപിയിലേക്ക് ചേരാൻ ഒരു കോടി രൂപ വാഗ്‌ദാനം ലഭിച്ചെന്ന പട്ടേൽ പ്രക്ഷോഭ നേതാവിന്റെ വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപിക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി പട്ടേൽ പ്രക്ഷോഭ നേതാവ് രംഗത്ത് വന്നത്. ബിജെപിയിലേക്കു ചേരാൻ ഒരു കോടി രൂപ വാഗ്‌ദാനം ലഭിച്ചതായി നരേന്ദ്ര പട്ടേൽ വാർത്താ സമ്മേളനം വിളിച്ച് വെളിപ്പെടുത്തി. ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിൽ സംവരണമാവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ളയാളായിരുന്നു നരേന്ദ്ര പട്ടേൽ.

ഞായറാഴ്ച വൈകുന്നേരം ഇദ്ദേഹം ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ, ഇന്നലെ രാത്രി വൈകി നാടകീയ നീക്കത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനൊപ്പം തനിക്കു കിട്ടിയ നോട്ടുകെട്ടുകളും മാധ്യമപ്രവർത്തകർക്ക് മുന്നിൽ നരേന്ദ്ര പട്ടേൽ പ്രദർശിപ്പിക്കുകയും ചെയ്തു.

ബിജെപിയിൽ ചേരാൻ 10 ലക്ഷം രൂപ അഡ്വാൻസ് ആയി ലഭിച്ചെന്നും നരേന്ദ്ര പട്ടേൽ പറഞ്ഞു. ബാക്കി 90 ലക്ഷം രൂപ നാളെ തരാമെന്ന് ഏറ്റിട്ടുണ്ടെന്നും എന്നാൽ റിസർവ് ബാങ്ക് മുഴുവനായി നൽകിയാലും തന്നെ വിലയ്ക്ക് എടുക്കാനാകില്ലെന്നും നരേന്ദ്ര പട്ടേൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ