ന്യൂഡല്‍ഹി: ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും ബി ജെ പി അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂരിപക്ഷത്തില്‍ രണ്ടാം തവണ ബി ജെ പി വിജയിക്കുമെന്നും പ്രവചനങ്ങള്‍ പറയുന്നു.
ഗുജറാത്തില്‍ ബി ജെ പിക്കു 125-130 സീറ്റ് ലഭിക്കുമെന്നാണ് ടിവി9 എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസിനു 30-40 സീറ്റും അതേസമയം, ആം ആദ്മി പാര്‍ട്ടി (എ എ പി) 3-5 സീറ്റും മറ്റുള്ളവര്‍ 3-7 സീറ്റും നേടുമെന്നും ടിവി9 പ്രവചിക്കുന്നു.
ബി ജെ പിക്കു 117 മുതല്‍ 140 വരെ സീറ്റാണു ജന്‍ കി ബാത്ത് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 34 മുതല്‍ 51 വരെയും എ എ പി ആറു മുതല്‍ 13 വരെ സീറ്റും പ്രവചിക്കുന്നു.
128-148 സീറ്റാണു ബി ജെ പിക്കു പി-മാര്‍ഖ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിനു 32-40 സീറ്റും എ എ പിക്കു രണ്ട്-10 സീറ്റും പ്രവചിക്കുന്നു.
ഹിമാചല്‍ പ്രദേശില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത പേരാട്ടാമെന്നാണു മിക്ക എക്‌സിറ്റ് പോളുകളും നല്‍കുന്ന സൂചന. 35-40 സീറ്റോടെ ബി ജെ പി അധികാരം നിലനിര്‍ത്തുമെന്നാണു ബാര്‍ക് പ്രവചനം. കോണ്‍ഗ്രസ് 20-25 സീറ്റും എ എ പി 0-മൂന്ന് സീറ്റും മറ്റുള്ളവര്‍ ഒന്ന്-അഞ്ച് സീറ്റും ബാര്‍ക് പ്രവിക്കുന്നു.
32-40 സീറ്റോടെ ബി ജെ പി അധികാരത്തില്‍ തുടരുമെന്നാണു ന്യൂസ് എക്‌സ് പ്രവചനം. കോണ്‍ഗ്രസ് 27-34 സീറ്റ് നേടും. അതേസമയം എ എ പിക്കു സീറ്റൊന്നും ലഭിക്കില്ലെന്നാണു പ്രവചനം.
ബി ജെ പിക്കു 38 സീറ്റാണ് ഇ ടി ജി പ്രവചിക്കുന്നത്. കോണ്‍ഗ്രിന് 28 സീറ്റും. എ എ പി ഒരിടത്തുപോലും വിജയിക്കില്ലെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.
ഗുജറാത്തില്‍ രണ്ടു ഘട്ടമായാണു തിരഞ്ഞെടുപ്പ് നടന്നത്. ഇന്നു നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വൈകീട്ട് അഞ്ചുവരെയുള്ള കണക്കുകള്‍ പ്രകാരം 58.38 ശതമാനമാണു പോളിങ്. വടക്ക്, മധ്യ മേഖലകളിലുള്ള 14 ജില്ലകളിലായി 93 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടന്നത്. ഡിസംബര്‍ ഒന്നിനു 19 ജില്ലകളിലെ 89 സീറ്റുകളിലായി നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിങ് 63.3 ശതമാനമായിരുന്നു.
നവംബര്‍ 12ന് ഒറ്റ ഘട്ടമായി നടന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 66 ശതമാനമായിരുന്നു പോളിങ്. എട്ടിനാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍.